കുത്തനെ കുറഞ്ഞ് ജനനനിരക്ക്; തായ്‌വാനില്‍ സ്കൂളുകളും സര്‍വകലാശാലകളും പൂട്ടുന്നു

ജനനനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കുട്ടികളില്ലാത്തതിനാല്‍ സ്കൂളുകള്‍ പൂട്ടാൻ നിർബന്ധിതരായി തായ്‌വാൻ.

കിഴക്കൻ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും പോലെ പ്രതിവർഷം തായ്‌വാന്റെയും ജനനനിരക്ക് ക്രമാതീതമായി കുറയുകയാണ്. പതിറ്റാണ്ടുകളായി ഇതേ നില തുടരുന്നതിനാലാണ് കുട്ടികളില്ലാതെ സ്കൂളുകള്‍ പൂട്ടേണ്ട അവസ്ഥയിലേക്ക് രാജ്യം നീങ്ങിയത്.

സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്തുന്നതിനാവശ്യമായ ജനനനിരക്ക് കൈവരിക്കുന്നതിനുള്ള പെടാപ്പാടിലാണ് രാജ്യം. ഈ നിരക്ക് പ്രകാരം ഒരു സ്ത്രീ ജന്മം നല്‍കേണ്ട കുട്ടികളുടെ ശരാശരി എണ്ണം 2.1 ആണ്. എന്നാല്‍ 80-കളുടെ പകുതി മുതല്‍ തായ്‌വാൻ 2.1 ല്‍ എത്തിയിട്ടില്ല. 2023-ല്‍ ഈ നിരക്ക് 0.865 ആയിരുന്നു. ഈ നിരക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സർക്കാർ പിന്തുണ ആവശ്യമുള്ള പ്രായമായവരുടെ ജനസംഖ്യ മൂലമുണ്ടാകുന്ന സാമ്ബത്തിക പ്രതിസന്ധികളക്കുറിച്ച്‌ ജനസംഖ്യ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തായ്‌വാനില്‍ പുതിയ തലമുറയുടെ എണ്ണം കുറയുന്നത് ഇതിനകം തന്നെ സൈനിക റിക്രൂട്ട്‌മെൻ്റിനെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും ഈ പ്രശ്നം പ്രതിഫലിച്ച്‌ തുടങ്ങിയിട്ടുണ്ട്. 2011 നും 2021 നും ഇടയില്‍, തായ്‌വാനിലെ പ്രൈമറി, ജൂനിയർ ഹൈസ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 23 ലക്ഷത്തില്‍നിന്ന് 18 ലക്ഷത്തില്‍ താഴെയായി കുറഞ്ഞു.

പൊതുവിദ്യാലയങ്ങളോളം പ്രചാരമില്ലാത്ത സ്വകാര്യ സ്‌കൂളുകളാണ് ആദ്യം പൂട്ടുന്നത്. ഡസൻ കണക്കിനു സ്വകാര്യ സ്‌കൂളുകള്‍ പൂട്ടല്‍ഭീഷണി നേരിടുന്നതായി പ്രാദേശിക വാർത്താ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അധിക സഹായം ആവശ്യമുള്ള സർക്കാർ സ്‌കൂളുകളുടെ പട്ടികയില്‍ 13 സ്വകാര്യ, വൊക്കേഷണല്‍ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. അവ അടുത്ത വർഷത്തോടെ പൂട്ടാൻ സാധ്യതയുണ്ടെന്ന് തായ്‌പേയ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

2014 മുതല്‍ 15 കോളേജുകളും സർവകലാശാലകളും അടച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനോട് പറഞ്ഞു. തായ്‌വാനിലെ 103 സ്വകാര്യ സർവകലാശാലകളില്‍ നാലെണ്ണം പൂട്ടാൻ ഈ ആഴ്ച ഉത്തരവിട്ടിട്ടുണ്ട്. 2028 ഓടെ 40-50 സ്വകാര്യ സർവകലാശാലകള്‍ കൂടി പൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിയൻ ഓഫ് പ്രൈവറ്റ് സ്കൂള്‍ എഡ്യൂക്കേറ്റേഴ്സ് ചെയർപേഴ്സണ്‍ വു ചുൻ-ചുങ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളെ പരിപാലിക്കുന്നതിനുള്ള അമിത ചെലവും ജോലി തിരക്കുകള്‍ മൂലം സമയം ലഭിക്കാത്തതും ഉള്‍പ്പടെ അനവധി ഘടകങ്ങള്‍ ഈ സാഹചര്യത്തെ സ്വാധീനിക്കുന്നുണ്ട്.