തീരാ വേദനയായി അവർ വന്നിറങ്ങി; ഒരു മടക്കമില്ലാ യാത്രയ്ക്കായിട്ട്

കൊച്ചി : പല സമയങ്ങളിൽ, പല വിമാനങ്ങളിലായി അവർ യാത്ര പുറപ്പെട്ടു. ഇന്ന് ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് അവരെല്ലാം ഒന്നായി, ഒരു വിമാനത്തിൽ മടങ്ങിയെത്തി… ഇനി ഒരു മടക്കമില്ലാ യാത്രയ്ക്കായിട്ട്.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വിമാനം 10.30-നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ,കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും തമിഴ്നാട്, കേരള മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി.

23 മലയാളികൾ ഉൾപ്പെടെ 45 പേരുടെ ശരീരവുമായാണ് വിമാനം കൊച്ചിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള 23 പേരുടെയും തമിഴ്നാട്ടിൽ നിന്നുള്ള 7 പേരുടെയും കർണാടക സ്വദേശിയായ ഒരാളുടെ മൃതദേഹമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏറ്റുവാങ്ങിയത്.

ഉത്തർപ്രദേശിൽ നിന്നുള്ള നാലുപേർ, ആന്ധ്ര സ്വദേശികളായ മൂന്നുപേർ, ബീഹാർ, ഒഡീഷ ,മഹാരാഷ്ട്ര, പഞ്ചാബ്, ജാർഖണ്ഡ് പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ മൃതശരീരം ഇവിടെ നിന്ന് നേരെ ഡൽഹിക്ക് കൊണ്ടുപോകും. ഡൽഹിയിൽ നിന്നും അതാത് സംസ്ഥാനവും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങും.
പ്രത്യേക വിമാനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻസിങും മുതദേഹത്തെ അനുഗമിക്കുന്നുണ്ട്.

തമിഴ്നാട് സ്വദേശികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ എസ് മസ്താനും കൊച്ചിയിൽ എത്തിച്ചേർന്നിരുന്നു.

11:20 – ഓടുകൂടിയാണ് ആദ്യം മൃതശരീരം വിമാനത്തിൽ നിന്നും പുറത്തേക്ക് എടുത്തത്.പ്രത്യേക ട്രോളികളിൽ വിമാനത്താവളത്തിൽ നിന്നും മൃതശരീരങ്ങൾ പുറത്തേക്ക് കൊണ്ടുവന്നു. പിന്നീട് നിരനിരയായി പ്രത്യേകം തയ്യാറാക്കി പേരും ഫോട്ടോയും പതിച്ച ഡസ്ക്കിലേക്ക്. കൂടി വന്നവരുടെയും ബന്ധുക്കളുടെയും ദുഃഖം അന്തരീക്ഷത്തെ വളരെ ശോകമൂകമായി. ഒന്ന് പൊട്ടിക്കരയാനാകാതെ പലരും ദുഃഖം കടിച്ചമർത്തി. അന്ത്യമോപചാര ചടങ്ങുകൾ പെട്ടെന്ന് അവസാനിപ്പിച്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഉറ്റവരുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ ഓരോന്നായി അതാത് ജില്ലകളിലെ വീടുകളിലേക്ക് പുറപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതശരീരവും വഹിച്ചുള്ള ആംബുലൻസിന് സംസ്ഥാന അതിർത്തിവരെ കേരളാ പോലീസ് അകമ്പടി നൽകും.

നിരനിരയായി കിടത്തിയിരുന്ന മൃതശരീരങ്ങൾക്ക് മുകളിലേക്ക് റീത്ത് സമർപ്പിച്ച് മുഖ്യമന്ത്രി അന്ത്യമോപചാരം അർപ്പിച്ചു. പോലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി സംസ്ഥാന സർക്കാരിൻ്റെ ആദരം അർപ്പിച്ചു.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ, മറ്റ് രാഷ്ട്രീയ നേതാക്കളും അന്ത്യമോപചാരമർപ്പിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.