തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുവിമാനങ്ങളുടെ വഴിമുടക്കിയത് പരിസരവാസികളാരോ പറത്തിയ പട്ടം.
നാലുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിനും രണ്ടുവിമാനങ്ങള്‍ താത്കാലികമായി പിടിച്ചിട്ടതിനുംപുറമേ വ്യോമയാന പരിശീലനകേന്ദ്രത്തിലെ പരിശീലനപ്പറക്കലും മുടങ്ങി.
ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റണ്‍വേക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇടയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയർപോർട്ട് ഓപ്പറേഷൻ കണ്‍ട്രോള്‍ സെന്ററില്‍നിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് അടിയന്തര സുരക്ഷാസന്നാഹങ്ങള്‍ ഏർപ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോട് വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള ‘ഗോ എറൗണ്ട്’ സന്ദേശം എയർ ട്രാഫിക് കണ്‍ട്രോളില്‍നിന്നു നല്‍കി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങള്‍ തത്‌കാലം പാർക്കിങ് ബേയില്‍ നിർത്തിയിടാനും നിർദേശം നല്‍കി.
4.20-ഓടെ മസ്‌കറ്റില്‍നിന്നെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസ്, തൊട്ടുപിന്നാലെ ഷാർജയില്‍നിന്നെത്തിയ എയർ അറേബ്യ, ഡല്‍ഹിയില്‍നിന്നെത്തിയ എയർ ഇന്ത്യ, ബെംഗളൂരുവില്‍നിന്നെത്തിയ ഇൻഡിഗോ എന്നീ വിമാനങ്ങളോടാണ് ചുറ്റിക്കറങ്ങാൻ നിർദേശിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‍പ്രസ്, ബെംഗളൂരുവിലേക്കു പോകേണ്ടിയിരുന്ന ഇൻഡിഗോ എന്നീ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതർ അറിയിച്ചതു പ്രകാരം സമീപപ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.
രണ്ടു മണിക്കൂർ പറന്നുനടന്ന പട്ടം താനേ നിലംപതിച്ചശേഷമാണ് വിമാനങ്ങളുടെ തടസ്സം നീങ്ങിയത്. വട്ടമിട്ടുപറന്ന വിമാനങ്ങള്‍ ഇതിനുശേഷം ഓള്‍ സെയ്‌ന്റ്സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ പുറപ്പെട്ടു.



