ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുനെസ്കോ പ്രീ വെർസൈൽസ് പുരസ്കാരം

ദീപു ജോൺ കോർഡിനേറ്റർ യുഎഇ

അബുദാബി: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. യുനെസ്കോയുടെ പ്രീ വെർസൈൽസ് പുരസ്‌കാരമാണ് വിമാനത്താവളത്തിന് ലഭിച്ചത്. വിമാനത്താവളങ്ങൾ,കായിക വേദികൾ, ഹോട്ടലുകൾ, തുടങ്ങിയവയുടെ മികച്ച രൂപകൽപനകൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.

യുഎഇയുടെ സാംസ്കാരിക പൈതൃകവും നവീന സാങ്കേതിക വിദ്യകളും ഉൾക്കൊളളിച്ചാണ് സായിദ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. 7,42,000 ചതുരശ്ര മീറ്ററിൽ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ മണിക്കൂറിൽ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനാവും. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന
ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

വ്യോമയാനത്തിൻ്റെ ഭാവി, നൂതനമായ കാഴ്ചപ്പാടുകൾ എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് വിമാനത്താവള നിർമ്മിതിയെന്ന് അബുദാബി എയർപോർട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ എലീന സോർലിനി പറഞ്ഞു. പുരസ്‌കാരനേട്ടം അഭിമാനമാണ്. വിമാനത്താവളത്തിൻ്റെ ഒന്നാം വാർഷികവും ഈദ് അൽ ഇത്തിഹാദും ചേർന്ന അവസരത്തിലാണ് പുരസ്‌കാര നേട്ടമെന്നത് ഇരട്ടിമധുരമാണെന്നും അവർ പറഞ്ഞു.

ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുളള സ്ക്രീനിങ് വിമാനത്താവളത്തിലുണ്ട്. നിർമ്മിത സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്തിയുള്ള സംവിധാനം 2025 ൽ പ്രവർത്തന സജ്ജമാകും. യുഎസിലേക്ക് പറക്കുന്ന യാത്രക്കാർക്ക് പ്രീക്ലിയറൻസ് സൗകര്യങ്ങൾ നൽകുന്ന മധ്യപൂർവ്വദേശത്തെ ഏക വിമാനത്താവളം കൂടിയാണ് സായിദ് വിമാനത്താവളം. അന്താരാഷ്ട്ര സീറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിൽ മധ്യപൂർവ്വദേശത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വിമാനത്താവളമാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 30 വരെ 21ദശലക്ഷം പേരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്.