◾ ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബര്‍ പന്ത്രണ്ട് മുതല്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യയ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹര്‍ജികള്‍ കോടതി പരിഗണിച്ചിരുന്നില്ല .
◾ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യന്‍ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരില്‍ നിന്നും ഒരാളെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ള 21 പേരുടെ സ്ഥാനാരോഹണ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. പൗരോഹിത്യത്തിന്റെ 20ാം വര്‍ഷത്തിലാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്. കത്തോലിക്ക സഭയുടെ നായകനിരയില്‍ ഇനി കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമുണ്ടാവും.
◾ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്ഥാനാരോഹണ ചടങ്ങിനിടെ പ്രധാനമന്ത്രി എക്സില്‍ കുറിപ്പിട്ടത്.
◾ സിറോ മലബാര്‍ സഭയ്ക്ക് ചരിത്ര നിയോഗമാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ പദവിയെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടെന്നും നയതന്ത്ര രംഗത്തുള്ള മാര്‍ കൂവക്കാടിന്റെ പ്രാഗത്ഭ്യം മാര്‍പാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂവക്കാടിന്റെ കര്‍ദിനാള്‍ പദവി മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് സഹായകരമാകുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
◾ ചൂരല്‍മലയിലെ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹായങ്ങള്‍ വേണ്ടിവരുമെന്നും അതിനുവേണ്ടിയുള്ള പണം തരാന്‍ തയ്യാറാവുമോ ഇല്ലയോ എന്ന് കേന്ദ്രം പറയണമെന്നും റവന്യൂമന്ത്രി കെ. രാജന്‍. ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസ വിഷയത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
◾ വയനാട് പുനരധിവാസത്തിനായി സ്വന്തം നിലയ്ക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇരുസര്‍ക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ ഇവരുമായി ആശയവിനിമയംപോലും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായം കൈമാറാന്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ കാത്തുനില്‍ക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ദുരിതബാധിതര്‍ക്കായി ലീഗ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും പി.എം.എ സലാം പറഞ്ഞു..
◾ തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി. ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ പാതയോരങ്ങളില്‍ സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് സമ്മേളനം നടന്നതെന്ന് ചൂണ്ടിക്കാണിച്ച് മരട് സ്വദേശിയായ എന്‍. പ്രകാശാണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
◾ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ട്രാന്‍സ്ഫറല്ല വേണ്ടിയിരുന്നതെന്നും അതിനാലാണ് സി.പി.എമ്മില്‍ ചേരാതിരുന്നതെന്നും ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍. പെരുന്നയില്‍ പോയി എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അമൃതപുരിയില്‍ പോയി മാതാ അമൃതാനന്ദമയി ദേവിയേയും കണ്ടെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് പാണക്കാട് പോയി സാദിഖലി തങ്ങളെ കണ്ടതു മാത്രമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
◾ വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.
◾ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലുണ്ടായിരുന്ന തടസങ്ങള്‍ പരിഹരിച്ചതായി മന്ത്രി പി രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആര്‍ബിഡിസിക്ക് കൈമാറി. സീപോര്‍ട്ട്-എയര്‍പോര്‍ട്ട്് റോഡ് എന്‍ എ ഡി – മഹിളാലയം ഭാഗത്തിന്റെ നിര്‍മ്മാണത്തിനുള്ള വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്നും മന്ത്രി അറിയിച്ചു.
◾ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍, മുന്‍മന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജന്‍. വിദ്യാര്‍ഥി സംഘടനയില്‍ ആയിരുന്നപ്പോള്‍ ജി.സുധാകരന്‍ ഞങ്ങളുടെ നേതാവായിരുന്നുവെന്നും അന്നു മുതല്‍ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും ജയരാജന്‍ പറഞ്ഞു.
◾ പരമ്പരകള്‍ക്ക് സെന്‍സര്‍ഷിപ് വേണമെന്നും സീരിയലുകള്‍ക്ക് സെന്‍സര്‍ഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ശ്രീകുമാരന്‍ തമ്പി. ദേശാഭിമാനി വാരികയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യപ്പെടുത്തിയ തന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചതെന്നും സ്വന്തമായി പരമ്പര നിര്‍മ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഈ അഭിപ്രായം തുറന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പ്രകടിപ്പിച്ചിരിക്കുന്നുവെന്നും താന്‍ അദ്ദേഹത്തോടു പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
◾ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്.
◾ കണ്ണൂര്‍ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എംകെ രാഘവന്‍ എംപിയാണ് കോളേജ് ചെയര്‍മാന്‍. ഇവിടെ 2 അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. എന്നാല്‍ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.
◾ ബിപിന്‍ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിപിന്‍ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുല്ലശ്ശേരിയും മകന്‍ മിഥുന്‍ മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നത്.
◾ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായ നീക്കങ്ങള്‍ക്ക് തയ്യാറെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്. സഭയ്ക്ക് അതിന്റെ ചട്ടക്കൂടുകളും വിശ്വാസ പ്രമാണങ്ങളും ഉണ്ടെന്നും അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ചര്‍ച്ചക്കായാണ് ശ്രമം നടത്തുന്നതെന്നും ജോസഫ് മാര്‍ ഗ്രിഗോറിയസ് വ്യക്തമാക്കി. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഒരുപാട് ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജോസഫ് മാര്‍ ഗ്രിഗോറിയസ് ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കയെടുക്കണമെന്നും ആവശ്യപ്പെട്ടു.
◾ കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനത്തില്‍ ഈ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലയോര ഹൈവെയുടെ തൃശൂര്‍ ജില്ലയിലെ മൂന്നാം റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1251 കീ.മി. ദൂരത്തില്‍ 13 ജില്ലകളിലൂടെയാണ് മലയോരഹൈവെ കടന്നുപോകുന്നത്.
◾ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പില്‍ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം. ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രമുറ്റത്ത് 15 ആനകളുടെ ചമയം, കൈപന്തം, പഞ്ചാരിമേളം എന്നിവ നിരത്തിയായിരുന്നു പൂരം സംഘടിപ്പിച്ചത്.
◾ പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും മരിച്ച ഇന്ദുജയുമായി അജാസിനെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎസിന് പങ്കുണ്ടെന്ന ബിജെപി ആരോപണങ്ങള്‍ക്കെതിരെ യുഎസ് എംബസി. ആരോപണങ്ങള്‍ നിരാശപ്പെടുത്തുന്നത് എന്നും ദില്ലിയിലെ യുഎസ് വക്താവ് പ്രതികരിച്ചു. ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിരാശാജനകമാണെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
◾ ദില്ലിയില്‍ ക്രിസ്ത്യന്‍ എംപിമാരുടെ യോഗം വിളിച്ചതില്‍ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ക്രിസ്ത്യന്‍ എംപിമാരുടെ യോഗം ചേര്‍ന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും സിബിസിഐ വിശദീകരണ കുറിപ്പിലൂടെ പ്രതികരിച്ചു.
◾ വ്യാജ ഗോവധക്കേസില്‍ രണ്ട് മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹല്‍ സെഷന്‍സ് കോടതി ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുസ്ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലീസുകാര്‍ക്കെതിരേയും കേസിലെ സാക്ഷികള്‍ക്കെതിരേയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
◾ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.
◾ സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. വിമത പക്ഷം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചു. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രംഗത്തെത്തി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു.
◾ ബ്രിട്ടനെ വിറപ്പിച്ച ഡാറ ചുഴലിക്കാറ്റ് തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.
◾ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും അസം സ്വദേശിയുമായ ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.



