കൊണെക്രി: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രി വരാന്തകളും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍. റഫറിയുടെ തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടർന്ന് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് അക്രമം തെരുവിലേക്കും വ്യാപിച്ചു. അക്രമികള്‍ എസെരെകോരെയിലെ പോലീസ് സ്‌റ്റേഷന് തീയിട്ടു.
2021-ല്‍ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത നേതാവാണ് സൈനികന്‍ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണം
നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ഐരാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രസിഡന്റായ ശേഷം കഴിഞ്ഞ ജനുവരിയില്‍ ലഫ്റ്റ്‌നന്റ് ജനറലായും ഇക്കഴിഞ്ഞ മാസം ആര്‍മി ജനറലായും സ്വയം സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇതിനുശേഷം വിമതരെ ശക്തമായി അടിച്ചമർത്തി വരികയുമായിരുന്നു. ഇതിനിടെയാണ് ദുരന്തം.



