അസാധാരണ രൂപ മാറ്റത്തോടെ കുഞ്ഞ് ജനിച്ചു; മാതാവിൻെറ പരാതിയിൽ അന്വേഷണം

ആലപ്പുഴ: അസാധാരണ വ്യതിയാനമുള്ള ശിശുവിനു ജന്മംനൽകിയതുമായി ബന്ധപ്പെട്ട യുവതിയുടെ പരാതി ആലപ്പുഴ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ അന്വേഷിക്കും. ഇതിനായി ഉടൻ മെഡിക്കൽ ബോർഡുണ്ടാക്കും. കുഞ്ഞിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുപ്പത്തിനാലുകാരിയായ ഇവർ ആലപ്പുഴ സ്വദേശിനിയാണ്.

ഗർഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും. പലതവണ സ്കാൻ ചെയ്തിട്ടും ഗർഭസ്ഥശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാഞ്ഞത് വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണെന്നായിരുന്നു പരാതി.

കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല. കണ്ണുകൾ സ്ഥാനത്തല്ല. അവ തുറക്കുന്നില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യം. കൈയും കാലും വളഞ്ഞാണ്. ചെവി കേൾക്കുന്നില്ല. അതും സ്ഥാനത്തല്ല. മലർത്തിക്കിടത്തിയാൽ നാക്ക് ഉള്ളിലേക്കു പോകും. ഈ തകരാറുകൾ പ്രസവശേഷമാണു മനസ്സിലായത്.

സ്കാനിങ് നടത്തിയ രണ്ടു ലാബുകളിലും ബുധനാഴ്ച ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി. ഡി.എം.ഒ.യ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്കാനിങ് യന്ത്രത്തിന്റെ കാര്യക്ഷമത പരിശോധിച്ചു. സ്കാൻചെയ്ത ഡോക്ടർതന്നയാണോ റിപ്പോർട്ടിൽ ഒപ്പിട്ടത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.

പരാതിയെത്തുടർന്ന് കടപ്പുറം ആശുപത്രിയിലെ രണ്ട് ഗൈനക്കോളജിസ്റ്റുകൾ, സ്കാനിങ് നടത്തിയ രണ്ട് ലാബുകളിലെ ഡോക്ടർമാർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പോലീസിനു മാത്രമായി കേസ് അന്വേഷിക്കാനാകില്ല. അതുകൊണ്ടാണ് മെഡിക്കൽ ബോർഡ് ഉണ്ടാക്കുന്നത്. ഡി.എം.ഒ, ഗൈനക്കോളജിസ്റ്റുകൾ, ശിശുരോഗവിദഗ്‌ധർ എന്നിവർ അംഗങ്ങളായിരിക്കും.

ചികിത്സാപ്പിഴവു സംബന്ധിച്ച പരാതികളിലെ നടപടിക്രമം പാലിച്ചായിരിക്കും അന്വേഷണം. ഡോക്ടർമാർക്കെതിരേ പരാതി ലഭിക്കുന്ന അന്നുതന്നെ കേസെടുക്കുന്നതു പതിവുള്ളതല്ല. ആശുപത്രിയധികൃതരോട് വിശദീകരണം തേടിയില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പരാതിയിന്മേൽ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.

പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യമായതിനാലാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരി, പ്രതിചേർത്തിട്ടുള്ളവർ എന്നിവരുടെ വിശദമായ മൊഴിയും തെളിവുകളും ശേഖരിക്കും.

വനിത-ശിശു ആശുപത്രി സൂപ്രണ്ടിനോട് സംഭവത്തെപ്പറ്റിയുള്ള പ്രാഥമിക റിപ്പോർട്ട് ഡി.എം.ഒ. ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ഗൗരവത്തോടെയാണു കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.