വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു.

◾ എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തതെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. സി.ബി.ഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അത് ശരിയാണെന്നും മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് സുഗമമായി നടക്കാത്തതിനാല്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്. നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

◾ ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ ചുമതല ഡോക്ടര്‍ സിസ തോമസിന് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിനും നല്‍കി. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടര്‍ സിസയ്ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ പാനല്‍ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവര്‍ണര്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരിക്കുന്നത്.

◾ ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സിസാ തോമസിന്റെ വിസി നിയമനം നിയമവിരുദ്ധമെന്നും ചാന്‍സലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നീക്കമെന്നും സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

◾ മുസ്ളിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീലില്‍ സുപ്രീം കോടതി നടപടി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് പാണക്കാട് സാദിഖലി തങ്ങള്‍. കേന്ദ്രം നിരന്തരം പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ പ്രയോഗിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമമെന്നും ഭരണകൂടം നീതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ നീതി നല്‍കാന്‍ ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയായിരുന്നു സുപ്രീംകോടതിയില്‍ കണ്ടതെന്നും പാണക്കാട് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് തെറ്റാണെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായി നടപടി ഉണ്ടാകുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. അര്‍ഹതപ്പെട്ടവര്‍ക്കുള്ളതാണ് ക്ഷേമ പെന്‍ഷനുകളെന്നും ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡിജിപി. ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്. ആത്മകഥ ചോര്‍ന്നത് ഡിസിയില്‍ നിന്നാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എങ്ങിനെയാണ്, എന്തിനാണ് ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. അതറിഞ്ഞാല്‍ മാത്രമേ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ. ഇതോടെ വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പി ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇ പി ജയരാജന്‍ ഉള്‍പ്പെടെ എല്ലാവരുടെയും മൊഴികള്‍ വീണ്ടുമെടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

◾ തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്.

◾ പാലക്കാട്ടെ തോല്‍വിയില്‍ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രന്റെ ഭീഷണി.

◾ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന കെ. സുരേന്ദ്രന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംഘടന അറിയിച്ചു.

◾ ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയായിരുന്നു പോസ്റ്റര്‍. ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റര്‍.

◾ പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം ഒത്തുതീര്‍പ്പിനായി തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കില്‍ ഉള്ള ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് കെഎം ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യമെന്നും എന്നാല്‍ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു.

◾ കുടുംബശ്രീ മിഷനില്‍ സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ളയുള്ളവര്‍ക്ക് പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങള്‍ക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

◾ തൃശ്ശൂര്‍ നാട്ടികയില്‍ ലോറി പാഞ്ഞുകയറി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു.

◾ അന്തരിച്ച സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ട് നല്‍കിയ സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മകളുടെ ആവശ്യം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

◾ പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

◾ പാലക്കാട് മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നല്‍കി.

◾ കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധ. മറൈന്‍ ഡ്രൈവില്‍ യാത്ര ചെയ്ത ബോട്ടില്‍ നിന്നാണ് ഇവര്‍ ഉച്ചഭക്ഷണം കഴിച്ചത്. അറുപതിലേറെപ്പേരാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

◾ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍നിന്ന് തിരികെ പോകുന്നതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടു. സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതി ചുള്ളിമട സ്വദേശി പോള്‍രാജിനെ (35) വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നെന്ന് വാളയാര്‍ എസ്.എച്ച്.ഒ. എന്‍.എസ്. രാജീവ് പറഞ്ഞു.

◾ കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം തുടങ്ങി . മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

◾ ഒഡീഷയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി നൗഫല്‍ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നൗഫല്‍. ഒഡീഷയില്‍ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.

◾ കളമശ്ശേരി കൊലപാതകത്തിലെ പ്രതി ഗിരീഷ് ബാബുവിനെ അടിമാലിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങള്‍ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്.സ്വര്‍ണവും പണവും മോഷ്ടിക്കാനായിരുന്നു റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

◾ ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ പരിഗണിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നലേയും പാര്‍ലമെന്റ് സ്തംഭിച്ചു. വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തില്‍ ബഹളമയമായി. നിലവില്‍ വിവാദ വിഷയങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

◾ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീന്‍ എനര്‍ജി അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയര്‍മാനും സാഗര്‍ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവര്‍ക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.

◾ സംഘര്‍ഷമുണ്ടായ ഉത്തര്‍ പ്രദേശിലെ സംഭലിലേക്ക് പോയ മുസ്ലീം ലീഗ് എംപിമാരെ യുപി പൊലീസ് വഴിയില്‍ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംഭലില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഹാപൂരില്‍ തടഞ്ഞാണ് എംപിമാരെ പൊലീസ് മടക്കി അയച്ചത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എംപിമാര്‍ പറഞ്ഞു.

◾ ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ ഭിന്നതയെന്ന് സൂചനകള്‍. കോണ്‍ഗ്രസിന്റെ ‘റബ്ബര്‍ സ്റ്റാമ്പ്’ ആകാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.ഹരിയാണയിലെ തോല്‍വിക്ക് പിന്നാലെയും കോണ്‍ഗ്രസിനെതിരേ ടി.എം.സി. വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം മഹാവികാസ് അഘാഡി വിടാന്‍ ഉദ്ധവ് താക്കറെയ്ക്കുമേല്‍ ശിവസേന നേതാക്കളുടെ സമ്മര്‍ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾ ജയിലില്‍ക്കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടത്തിയ പ്രക്ഷോഭം പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് ഉപേക്ഷിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൊവ്വാഴ്ച അര്‍ധരാത്രി സര്‍ക്കാര്‍ കിരാതനടപടി സ്വീകരിച്ചെന്നാരോപിച്ചാണിത്.

◾ കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനം. ദക്ഷിണ കൊറിയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ മെറ്റീരിയോളജിക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം 1907-ല്‍ ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.

◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.

◾ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാള്‍ രണ്ടാമതെത്തി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്.