ചൈനയില്‍ കൊലപാതകക്കുറ്റത്തിന് 20വർഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി പുറത്തിറങ്ങി ആഘോഷിച്ചത് ഇരയുടെ വീടിനു മുന്നില്‍.
പടക്കം പൊട്ടിച്ചും വിരുന്ന് സംഘടിപ്പിച്ചുമാണ് പ്രതി ഇരയുടെ വീടിന് മുന്നില്‍ ആഘോഷിച്ചത്. ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഒടുവില്‍ പൊലീസെത്തിയാണ് ഇയാളെ ഇവിടെനിന്ന് മാറ്റിയത്.
കൊല്ലപ്പെട്ടയാളുടെ മകൻ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോയില്‍, തൻ്റെ പിതാവിൻ്റെ കൊലപാതകത്തെ കുറിച്ചും കൊലപാതകിക്ക് ലഭിച്ച ശിക്ഷയെ കുറിച്ചുമെല്ലാം ഇയാള്‍ വിവരിക്കുന്നുണ്ട്.
“കൊലപാതകിയോട് സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എൻ്റെ ദേഷ്യം തീർക്കാനല്ല, മറിച്ച് രണ്ട് കുടുംബങ്ങള്‍ക്ക് ഇത്രയധികം വേദനയുണ്ടാക്കിയ ആ കൊലപാതകം എന്തിനായിരുന്നു എന്ന് അറിയാൻ. എന്നാല്‍, മോചിപ്പിക്കപ്പെട്ട ദിവസം തന്നെ ഇങ്ങനെ പ്രകോപനപരമായ ഒരു സംഭവത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്” എന്നാണ് കൊല്ലപ്പെട്ടയാളുടെ മകനായ സിയാങ് ഒരു വീഡിയോയില്‍ പറഞ്ഞത്.
പിതാവ് കൊല്ലപ്പെടുമ്പോള്‍ തനിക്ക് 15 -ഉം പിതാവിന് 39 -ഉം വയസ്സായിരുന്നു പ്രായം. അയല്‍വാസി ഏർപ്പാടാക്കിയ മൂന്ന് വാടകക്കൊലയാളികളാണ് തൻ്റെ പിതാവിനെ കൊലപ്പെടുത്തിയതെന്നും സിയാങ് വീഡിയോയില്‍ വെളിപ്പെടുത്തി. സിയാങ് പറയുന്നതനുസരിച്ച്, പിതാവിനെ കിടപ്പുമുറിയില്‍ വച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കത്തിച്ചു. സിയാങ്ങ് ഒരിക്കലും പിതാവിന്റെ മൃതദേഹം കണ്ടില്ല. പിന്നീടും, കൊലയാളികള്‍ കുടുംബത്തെ നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നും സിയാങ് പറയുന്നു. പിതാവിൻ്റെ കുടുംബത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും യുവാവ് പറഞ്ഞു.
അതേസമയം, വീഡിയോ പ്രചരിച്ചതോടെ വലിയ ചർച്ചയാണ് ഇതേ തുടർന്ന് ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇങ്ങനെയാണ് എങ്കില്‍ ഈ ജയില്‍ശിക്ഷ കൊണ്ടൊക്കെ എന്താണ് കാര്യം എന്നാണ് ആളുകള്‍ ചോദിക്കുന്നത്.



