പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ പങ്കുമില്ല; നിജ്ജാർ കൊലപാതകത്തെ സംബന്ധിക്കുന്ന മാധ്യമ വാർത്ത തള്ളി കാനഡ

ന്യൂഡൽഹി:ഖലിസ്ഥാൻ നേതാവ് നിജ്ജാറിനെ കൊല്ലാനുള്ള പദ്ധതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് അറിവുണ്ടായിരുന്നു എന്ന മാധ്യമ വാർത്ത തള്ളി കാനഡ. ഇന്ത്യൻ പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച്, ഇന്ത്യൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അറിയാമായിരുന്നുവെന്ന് കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു. ഈ വാർത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയ കനേഡിയൻ സർക്കാർ, മോദി മറ്റ് നേതാക്കളെ ഈ കേസുകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കി.

പേര് വെളിപ്പെടുത്താത്ത മുതിർന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു ഗ്ലോബ് ആൻഡ് മെയിലിൻ്റെ റിപ്പോർട്ട്. കാനഡയിലും അമേരിക്കയിലും സിഖ് നേതാക്കളെ ലക്ഷ്യമിട്ട് വധശ്രമങ്ങളിലേക്ക്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുടെ പേരുകളും മാധ്യമ റിപ്പോർട്ട് ചേർത്തിരുന്നു. ഈ പത്ര റിപ്പോർട്ടിനെ തുടർന്നാണ് കാനഡ വിശദീകരണ കുറിപ്പ് ഇറക്കിയത്.

വാർത്തയ്ക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പരിഹാസ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മാധ്യമ റിപ്പോർട്ടിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞ ഇന്ത്യൻ വിദേശകാര്യ വക്താവ്, സമാനമായ ദുഷ്പ്രചരണങ്ങൾ, വഷളായിരിക്കുന്ന ഇന്ത്യ – കാനഡ ബന്ധത്തെ കൂടുതൽ വഷളാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ വർഷം 18ന് കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഇന്ത്യ- കാനഡ ബന്ധത്തിലെ ഉലച്ചിലിൻ്റെ തുടക്കം. നിജ്ജാറിൻ്റെ കൊലപാതകത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് കാനഡ സാക്ഷിയായത്. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇതൊരു കരടായി. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. എന്നാൽ നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന വിവരം ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

2023 സെപ്റ്റംബറിലാണ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികൾക്കും തീവ്രനിലപാടുകൾക്കും വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നൽകുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തു. അതിനു ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സുഖകരമല്ല. അന്ന് ട്രൂഡോ ആരോപണങ്ങൾക്ക് തെളിവുകൾ നൽകാൻ ഇന്ത്യൻ ഗവഃമെൻ്റ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ല വിദേശകാര്യ പ്രസ്താവനയിൽ പറഞ്ഞിരുന്നു.