വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് തമിഴ്‌നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു ഇയാള്‍. കുണ്ടന്നൂര്‍ നഗരത്തില്‍ 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പോലീസ് ജീപ്പില്‍നിന്ന് രക്ഷപ്പെട്ട ശേഷം ചെരിവുള്ള പ്രദേശത്തുനിന്ന് താഴേക്ക് ചാടുകയും അവിടെ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയുമായിരുന്നു. നേരത്തെ തമിഴ് നാടോടി സ്ത്രീകളോടൊപ്പം പ്രതി ഒളിച്ചു കഴിയുമ്പോഴാണ് പ്രതിയെ പിടികൂടിയത്. മണ്ണില്‍ കുഴി കുത്തി ഷീറ്റ് കൊണ്ട് മൂടിയാണ് ഒളിച്ചിരുന്നതെന്നും ഇയാളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. പിടികൂടിയ ശേഷം ജീപ്പില്‍ കയറ്റുമ്പോള്‍ സ്ത്രീകളെത്തി പൊലീസിനെ തടയുകയായിരുന്നു. ജീപ്പിന്റെ വാതില്‍ തുറന്നതും പ്രതി ചതുപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പോലീസില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ കൈയില്‍ വിലങ്ങുണ്ടായിരുന്നതിനാല്‍ അധികദൂരം പോവാന്‍ സാധിച്ചിരുന്നില്ല.

◾ വയനാട് ദുരിതാശ്വാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ കയ്യിലുള്ള ഫണ്ട് ചിലവഴിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവര്‍ണര്‍ കൃത്യമായി കണക്കുകള്‍ കേന്ദ്രത്തെ ബോധിപ്പിച്ചാല്‍ ഫണ്ട് കിട്ടുമെന്നും പറഞ്ഞു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വാദങ്ങള്‍ ശരിയല്ലെന്നും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് മറ്റാരേക്കാളും തനിക്ക് വിശ്വാസമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

◾ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദര്‍ശനം നടത്തിയതെന്നും സ്വരാജ് വിമര്‍ശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ സ്വരാജ് പ്രധാനമന്ത്രി മനുഷ്യനെന്ന പദത്തിന് അര്‍ഹനല്ലാത്ത വ്യക്തിയാണെന്നും പറഞ്ഞു.

◾ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രന്‍. ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമയുമായി സന്ദീപിനെ താരതമ്യം ചെയ്തായിരുന്നു സുരേന്ദ്രന്റെ പരിഹാസം. വോട്ടെണ്ണല്‍ ദിവസമായ 23 കഴിഞ്ഞും സന്ദീപിനെ അവിടെ തന്നെ നിര്‍ത്തണമെന്നും തിരിച്ചയക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് സുരേന്ദ്രന്റെ പരിഹാസം.

◾ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് പോയതില്‍ ബി ജെ പിക്ക് ഒരു ക്ഷീണവുമില്ലെന്നും തലക്ക് അഹങ്കാരം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

◾ സന്ദീപ് വാര്യര്‍ക്ക് ഇനി വിശാലമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോണ്‍ഗ്രസിന് ഇനി നല്ല കാലമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്ക് പിന്നാലെ കൂടുതല്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ മതേതരത്വത്തിന്റെ വഴിയില്‍ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

◾ ബിജെപി വിട്ട് കോണ്‍ഗ്രസിലെ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളേയും യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങളെയും കാണും. സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിലൂടെ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്.

◾ പാര്‍ട്ടി വിട്ട ബിജെപി നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി. സാമൂഹ്യ മാധ്യമമായ എക്സില്‍ ബിജെപി കേരളം എന്ന പേരിലുള്ള പേജിലാണ് സന്ദീപ് വാര്യരെ പരിഹസിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്നേഹത്തിന്റെ കടയിലെ പഞ്ചാര!-എന്ന ക്യാപ്ഷനിലാണ് വീഡിയോ. കോണ്‍ഗ്രസ് സമ്മേളനത്തില്‍ സന്ദീപ് വാര്യര്‍ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണിത്.

◾ മുതിര്‍ന്ന സി.പി.എം. നേതാവ് പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചത്. ഹൈക്കോടതി നല്‍കിയ പാനലില്‍ നിന്നാണ് ജസ്റ്റിസ് സോമരാജനെ തിരഞ്ഞെടുത്തത്.

◾ 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 11 സീറ്റിലേക്ക് ആയിരുന്നു മത്സരം വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സി.പി.എം പ്രവര്‍ത്തകരുമാണ്.

◾ കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്നലെ രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. പിന്നാലെയുണ്ടായ സംഘര്‍ഷം തെരുവുയുദ്ധമായി മാറി. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

◾ കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു.

◾ ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സംഘര്‍ഷത്തിന് പിന്നാലെ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ വ്യാപാരികള്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

◾ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷകള്‍ക്ക് അധികസമയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ അനുവദിച്ചിരിക്കുന്ന മാതൃകയില്‍ സി.ബി.എസ്.ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തില്‍, മനുഷ്യാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇ യില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

◾ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

◾ സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിലുള്ള ലൈംഗികാതിക്രമ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുളളത്.

◾ കിളിമാനൂര്‍ കാരേറ്റ് മധ്യവയസ്‌കനെ കഴുത്തറുത്ത് കൊന്ന കേസില്‍ അയല്‍വാസി സുനില്‍ കുമാറിന്റെ അറസ്റ്റ് കിളിമാനൂര്‍ പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് ഇന്നലെ രാത്രിയാണ് സുനില്‍ കുമാര്‍ അയല്‍ വാസിയായ ബാബു രാജിനെ കഴുത്തറുത്ത് കൊന്നത്.സുനില്‍ കുമാറിന്റെ അറസ്റ്റ് കിളിമാനൂര്‍ പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

◾ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാര്‍ത്ഥിനികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അസ്വാഭവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും.

◾ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എറണാകുളം മുളന്തുരുത്തി പെരുമ്പള്ളിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചിറയ്ക്കല്‍ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനിവല്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് ഭാഗികമായി കത്തിനശിച്ചു.

◾ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകര്‍ റെഡ്ഢി നേതാക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചു.

◾ തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തെ തുടര്‍ന്ന് നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

◾ മണിപ്പുര്‍ -അസം അതിര്‍ത്തിയില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ രണ്ട് കുട്ടികളെയും ഒരു സ്ത്രീയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എ മാരുടെയും വീടുകളിലേക്ക് ഇരച്ചെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായ പ്രതികരണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

◾ ഇംഫാല്‍ താഴ്‌വരയില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ മണിപ്പൂരിലെ ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

◾ ഛത്തീസ്ഗഡില്‍ അഞ്ച് മാവോയിസ്റ്റുകളെ ബിഎസ്എഫിന്റെയും എടിഎസിന്റെയും സംയുക്ത സംഘം വധിച്ചതായി വിവരം. ഛത്തീസ്ഗഡിലെ കാങ്കറിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

◾ അക്രമാസക്തനായ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് ചൈനയില്‍ 8 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ കിഴക്കന്‍ നഗരമായ വുക്സിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം.

◾ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി യു.എസ്. മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.