കണ്ണൂർ: കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ കോർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്.

യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയില്‍ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നല്‍കിയെന്നും അത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു ദിവ്യ പ്രസംഗം തുടങ്ങിയത്. ജില്ല കലക്ടർ അരുണ്‍ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിട്ടു.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരില്‍നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.




