◾ ഏറനാട് നിയമസഭാ സീറ്റ് 25 ലക്ഷം രൂപ വാങ്ങി സിപിഐ നേതൃത്വം മുസ്ലിം ലീഗിന് വിറ്റുവെന്ന ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. ഇവര്‍ രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അന്‍വര്‍ ആരോപിച്ചു. ഏറനാട്ടില്‍ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും, മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന എല്‍ഡിഎഫ് ധാരണയില്‍ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
◾ സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ച പി.വി. അന്‍വറിന് മറുപടിയുമായി ബിനോയ് വിശ്വം. അന്‍വറിന്റേത് പഴകി പുളിച്ച ആരോപണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വെളിയം ഭാര്‍ഗവനെ വിമര്‍ശിക്കാന്‍ അന്‍വറിന് എന്ത് അര്‍ഹതയാണുള്ളതെന്നും വെളിയത്തെ ഈ നാടിന് നന്നായി അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾ എം എല്‍ എ പിവി അന്‍വര്‍ എല്ലാവര്ക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അത്തരം ആളുകള്‍ വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇപ്പോള്‍ മനസ്സിലാക്കി തന്നത്. ആ പാഠം സിപിഎമ്മിന് മാത്രമല്ല, തങ്ങള്‍ക്കും ബാധകമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
◾ വയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
◾ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സുരക്ഷിത പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ആശങ്ക പരിഹരിക്കാതെ ചൂരല്‍ മലയില്‍ സുരക്ഷിത മേഖലകള്‍ അടയാളപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ മുണ്ടക്കെ ചൂരല്‍മല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. തീരുമാനം ഉണ്ടാകുന്നത് വരെ സര്‍വ്വേ നടത്തുന്നത് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
◾ കണ്ണൂര്‍ എ.ഡി.എമ്മിനെതിരേ ഗുരുതര അഴിമതി ആരോപണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്കാന് എ.ഡി.എം. വഴിവിട്ടനീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.
◾ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങള്‍ കേരളാ പൊലീസിനെ തേടിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .കാനത്തില്‍ ജമീല എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ്, നിയമസഭയില്‍ മുഖ്യമന്ത്രി കേരള പോലീസിന് ലഭിച്ച നേട്ടങ്ങള്‍ വ്യക്തമാക്കിയത്.
◾ ലീസും പെര്‍മിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ജനങ്ങള്‍ക്ക് അറിയാനും സാധിക്കും. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തില്‍ നിയമാനുസൃതമായ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും മന്ത്രി അറിയിച്ചു.
◾ സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ സമരത്തിലേക്ക്. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരില്‍ നിന്നും പെന്ഷന് വിഹിതം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ജോയിന്റ് കൗണ്‍സില്‍ സമരത്തിലേക്ക് നീങ്ങുന്നത്.
◾ അറസ്റ്റിലായ നടന് ബാലയ്ക്ക് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളില്‍ പരാതിക്കാരിക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുതെന്നും , കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നുമാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചെന്നും ഇതില്‍ കേസ് എടുക്കാവുന്ന പരാതികള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. എഫ്ഐആര്‍ പകര്‍പ്പ് ആര്‍ക്കും ലഭ്യമാകരുതെന്നും, പരാതിക്കാരെ മൊഴി നല്കാന് നിര്‍ബന്ധിക്കരുത് എന്നും കോടതി ആവര്‍ത്തിച്ചു.
◾ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തൃശ്ശൂര്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ച് സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
◾ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം . കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
◾ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്. ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി ഇന്ന് വിധിക്കാനിരിക്കെ ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല.
◾ ലക്ഷങ്ങള്‍ മുടക്കി കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില് നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം കാട് കയറി നശിക്കുന്നതായി പരാതി. കൂമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് 2022 ഓഗസ്റ്റ് 14ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച് അടച്ചുപൂട്ടിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
◾ പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വടക്കേക്കര കണ്ണെഴത്ത് വീട്ടിലെ സന്ധ്യയുടെ വീടിന്റെ എട്ട് ലക്ഷം രൂപയ്ക്കുള്ള വായ്പാത്തുക അടക്കാന്‍ കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. ഇതിനു പുറമെ സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ലക്ഷം രൂപയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാന്‍ ജോലിയും ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എട്ട് ലക്ഷം രൂപയുടെ ചെക്കും വീടിന്റെ താക്കോലും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ സന്ധ്യക്ക് ഇന്നലെ തന്നെ കൈമാറി.
◾ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സ് വര്‍ധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഡിഎ 3% വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
◾ മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ സംഘം ലോറന്‍സ് ബിഷ്ണോയിയെ ചോദ്യം ചെയ്തു. സല്മാന് ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
◾ വഖഫ് ഭേദഗതി ബില്ലിന്മേല് ഇന്നലെ നടക്കാനിരുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍. ചില രാഷ്ട്രീയക്കാര്‍ വഖഫ് ഭൂമി തട്ടിപ്പിലൂടെ എങ്ങനെ നേട്ടമുണ്ടാക്കിയെന്ന് പുറത്തുകൊണ്ടുവന്നത് അന്‍വര്‍ മണിപ്പാടിയുടെ റിപ്പോര്‍ട്ടും കണ്ടെത്തലുകളുമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
◾ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെയാണ് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ സര്‍ക്കാര്‍ രൂപീകരിക്കുന്നതിയായി ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള കാശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.
◾ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ഗവേഷകര്‍ക്ക്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്സണ്, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിന്‍സണ്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ അംഗീകാരം ലഭിച്ചത്.
◾ വനിതാ ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാനും ഇന്ത്യയും സെമി കാണാതെ പുറത്തായി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്ഥാന് 54 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് പാകിസ്ഥാന്റേയും ഇന്ത്യയുടെയും സെമി പ്രതീക്ഷകള്‍ അവസാനിച്ചത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് വെറും 56 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു. എ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം ഓസ്ട്രേലിയയാണ് സെമിയിലെത്തിയ മറ്റൊരു ടീം.




