ലാഹോര്‍: പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ തോക്കുധാരികള്‍ 20 ഖനിത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തി.
ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്.
വ്യാഴാഴ്ച രാത്രി ദുകി ജില്ലയിലെ ഒരു കല്‍ക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് തോക്കുധാരികള്‍ ഇരച്ചുകയറി തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് ഓഫീസര്‍ ഹമയൂണ്‍ ഖാന് നസീര്‍ പറയുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലെ പഷ്തൂണ്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ മൂന്ന് അഫ്ഗാന്കാരുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 16, 17 തീയതികളില്‍ ഇസ്ലാമാബാദില് നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒക്ടോബര്‍ 15 ന് എസ് സി ഒ ഉച്ചകോടിക്കായി പാകിസ്ഥാന് സന്ദര്‍ശിക്കും. ഇത് രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ പര്യടനമാണ്.
ഒമ്പത് വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ പാകിസ്ഥാന് സന്ദര്‍ശനം കൂടിയാണിത്. 2015 ഡിസംബറില്‍ സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാന് സന്ദര്‍ശിക്കുന്നത്.




