ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 22 പേർ കൊല്ലപ്പെട്ടു; 117 പേർക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. സെൻട്രൽ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ തകർത്തുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കൻ ലെബനനിൽ സ്ഥിതി ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭാംഗങ്ങൾ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ലെബനൻ്റെ തെക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ പത്ത് അഗ്നിരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീറ്റിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. തെക്കൻ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു.

സെപ്റ്റംബർ 28 ഓടെയാണ് ഇസ്രായേൽ-ഹിസ്ബുള്ള ആക്രമണം ശക്തിപ്രാപിച്ചത്. ആക്രമണത്തിൽ 1400 ലെബനൻകാർ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതിൽ ഉൾപ്പെടും. പന്ത്രണ്ട് ലക്ഷത്തോളം പേർ ഭവനരഹിതരായി. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേര് സിറിയയിലേക്ക് പലായനം ചെയ്തതായി ലെബനൻ സർക്കാർ പറഞ്ഞു.