ഹോട്ടല്‍ വെയിറ്ററുടെ ജോലിക്ക് ക്യൂ നില്‍ക്കുന്ന ആയിരത്തോളം ഇന്ത്യൻ യുവാക്കള്‍; കാനഡയില്‍ നിന്നുള്ള വീഡിയോ

ഇന്ത്യയില്‍ നിന്നും കൂടുതല്‍ യുവാക്കളും ജോലി തേടി പോകുന്ന രാജ്യമാണ് കാനഡ. അവിടെ നിന്നും പുറത്തുവരുന്ന ഇന്ത്യക്കാരുടെ വീഡിയോ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒരു റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്നവരുടെ ക്യൂ ആണ് വീഡിയോയില്‍ കാണുന്നത്. ആയിരക്കണക്കിന് യുവാക്കളാണ് ക്യൂവില്‍ നില്‍ക്കുന്നത്. വെയിലിനെ പോലും വകവയ്‌ക്കാതെ ജോലിക്കായി നില്‍ക്കുന്ന യുവാക്കളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

‘ബ്രാംപ്‌ടണില്‍ തുറക്കുന്ന പുതിയ റെസ്റ്റോറന്റിന്റെ പരസ്യം കണ്ടെത്തിയ 3000 വിദ്യാർത്ഥികളാണ്. കാനഡയില്‍ വെയിറ്ററുടെയും പരിചാരകരുടെയും ജോലിക്കായി വരി നില്‍ക്കുന്നവരുടെ ഭയാനകമായ ദൃശ്യങ്ങളാണിത്. അവിടെ തൊഴില്‍ ക്ഷാമമാണോ? ഇന്ത്യയില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് വലിയ സ്വപ്‌നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കള്‍ ഗൗരവമായ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ് ‘ – ഇതായിരുന്നു വീഡിയോയുടെ തലക്കെട്ട്.

‘എല്ലാവരുടെ ജോലി അന്വേഷിച്ച്‌ നടക്കുകയാണ്. ആർക്കും ജോലി ലഭിക്കുന്നില്ല. എന്റെ പല സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ ജോലിയില്ല. അവർ മൂന്ന് വർഷമായി ഇവിടെയുണ്ട് ‘, ‘കാനഡയില്‍ എന്ത് ജോലിയും ചെയ്യും, ഇന്ത്യയില്‍ അതേ ജോലി ചെയ്യാൻ നാണക്കേടാണ് ‘ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.