11-ാം വയസ്സില്‍ ഐസിസ് ഭീകരര്‍ തട്ടികൊണ്ടു പോയി; 10 വര്‍ഷത്തോളം ഹമാസിന്റെ അടിമ; യസീദി യുവതിയെ ഗാസയില്‍ നിന്ന് രക്ഷപ്പെടുത്തി

ടെല്‍അവീവ്: 11-ാം വയസ്സില്‍ ഐസിസ് ഭീകരർ തട്ടിക്കൊണ്ടു പോകുകയും പിന്നീട് പത്ത് വർഷത്തോളം ഹമാസ് അടിമയാക്കുകയും ചെയ്ത യുവതിയെ ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് മോചിപ്പിച്ചു.

ഒരു മാസത്തെ ഓപ്പറേഷനൊടുവിലാണ് യസീദി യുവതിയുടെ മോചനം സാധ്യമായത്.

2014 ലാണ് ഫൗസിയ അമിൻ സിഡോ അടക്കം 6,000-ലധികം യദീസികളെ ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആണ്‍കുട്ടികളെ ആയുധപരിശീലനം നല്‍കി ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും മരണപ്പെട്ടു. ഏകദേശം 3,500 പേരെ രക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ഐഎസ് ഭീകരർ ഹമാസിന് കൈമാറിയ യുവതിയെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യേഗമായി അറിയിച്ചത്. ഈ ആഴ്ച ആദ്യം യുവതി സ്വദേശമായ ഇറാഖിലേക്ക് മടങ്ങി. യസീദി കുട്ടികള്‍ അഭിമുഖീകരിക്കുന്ന ക്രൂരതയുടെ ഓർമ്മപ്പെടുത്തലാണ് യുവതിയുടെ കഥയെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ പറഞ്ഞു.എന്നാല്‍ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇസ്രായേല്‍ വെളിപ്പെടുത്തിയിട്ടില്ല.