നെതന്യാഹു ‘കരയുന്നു’ !! യുട്യൂബ് ചാനലുകൾ കണ്ടിട്ട്

എത്ര മിസൈലുകൾ യിസ്രായേലിലേക്ക് വിട്ടിട്ടുണ്ടെന്ന് ഖുമൈനിക്ക് അറിയാം. ഇറാൻ പ്രസിഡൻറിന് യാതൊരു പിടിയുമില്ല. നെതന്യാഹുവിനും കൃത്യമായി അറിയാമോ എന്നറിയില്ല. വാണം വരുന്നതുപോലെ തുരുതുരെ ഇങ്ങ് വരുകയല്ലിയോ?

ഇതൊക്കെയാണെങ്കിലും കേരളത്തിൽ കുറെ മലയാളം യൂടൂബ് ചാനലുകൾ ഉണ്ട്. വ്യൂവേഴ്സ് ലക്ഷങ്ങളുണ്ടെന്നതും സത്യമാണ്. പക്ഷേ ഇവർ ‘വിടുന്ന മിസൈലുകളുടെ’ എണ്ണം കേട്ടാൽ സാക്ഷാൽ നസറുള്ള പോലും എഴുന്നേറ്റിരുന്നു ചിരിച്ചു പോകും. രണ്ടാമത്തെ അദ്ദേഹത്തിൻ്റെ മരണം ചരിച്ച് ചിരിച്ചായിരിക്കും.

ഒരു ‘ചാനലുകാരൻ’ 400 ബാലസ്റ്റിക് മിസൈലുകളാണ് യിസ്രായേലിലേക്ക് കൊളുത്തിവിട്ടത്. കണക്കിൽ വലിയ പിടിയില്ലാത്ത ഒരു ചാനലുകാരൻ പറഞ്ഞത് നൂറുകണക്കിന് വിട്ടെന്നാണ്. അത് 999 വരെയാകാം. മറ്റൊരുവൻ 200 എന്ന് പറയുന്നത് കേട്ടു. 100 എണ്ണം മാത്രമേ വിട്ടുള്ളു എന്നായി മറ്റൊരു ചാനൽ. ചില പെമ്പിള്ളേര് ഇരുന്ന് ചറപറ മിസൈൽ വന്നെന്ന് പറയുന്നത് കേൾക്കാനുള്ള ഭാഗ്യവും മലയാളികൾക്കുണ്ടായി. പിന്നെ വന്ന കണക്ക് 180 എന്നാണ്. ഐ.ഡി.എഫ് പറയുന്നതും 180 എന്നാണ്. നമുക്ക് അതിൽ ഉറച്ചുനിൽക്കാം.

അടുത്ത വിഷയം അതിലും രസമാണ്. ഇറാനിലേക്ക് ഇസ്രായേൽ പ്രത്യാക്രമണം നടത്തണമല്ലോ? നെതന്യാഹുവിനെ ‘ഉപദേശിച്ചു’ കൊണ്ടിരിക്കുകയാണ് മലയാളം യുട്യൂബ് ചാനലുകൾ.

ഇറാൻ്റെ ആണവനിലയത്തിലേക്ക് ബോംബ് വർഷിക്കാനാണ് ചിലർക്ക് പ്ലാൻ. ചില രാകട്ടെ റിഫൈനറികളിലേക്കാണ് ആദ്യ മിസൈൽ പോകേണ്ടതെന്ന് ഉപദേശിക്കുന്നു. ഇതൊന്നും പോര ചിലർക്ക് ഇറാൻ്റെ വിമാനത്താവളം തകർത്താൽ മതി. ഈ കുന്ത്രാണ്ടങ്ങളെ എങ്ങനെ തകർക്കണമെന്നും ചില ചാനലുകൾ ഐ.ഡി.എഫിനെ ഉപദേശിക്കുന്നുണ്ട്.

സൗഹൃദ രാജ്യമാണെങ്കിലും ജോർദ്ദാൻ്റെ മുകളിലൂടെ പോകരുതെന്ന് ഒരു കൂട്ടർ ഉപദേശിക്കുന്നു. ജോർദ്ദാൻ കടന്നാലും ഇറാക്കിൻ്റെ മുകളിലൂടെ എങ്ങനെ പോകും എന്ന് പറഞ്ഞ് വ്യാകുലപ്പെടുന്നു മറ്റു ചിലർ. ഇസ്രായേലിൻ്റെ പോർവിമാനങ്ങളുടെ സഞ്ചാര പഥവും അവർ മലയാളികളെയും നെതന്യാഹുവിനെയും ‘ അറിയിച്ചു ‘ കഴിഞ്ഞു.

ഇപ്പോൾ യുട്യൂബ് ചാനലുകൾക്ക് നല്ല റേറ്റിംഗാണ്. തന്നെയും പിന്നെയും ഒരേ കാര്യം ഊളൻ കൂവുന്നതുപോലെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ചില ചാനലുകളും ഉണ്ട്. പുത്തൻ അറിവുകൾ ഒന്നും അതിലില്ല.

എന്നാൽ ഒന്ന് രണ്ട് ചാനലുകൾ വിജ്ഞാനപ്രദമാണ് എന്ന് പറയാതെ വയ്യ. യിസ്രായേലിനെ വാനോളം വാഴ്ത്തുകയാണ് പതിവ് രീതി. യിസ്രായേൽ ഇറാനെ ആക്രമിക്കുന്നത് കാണാൻ എരിതീയിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പാണ് ഒരു കൂട്ടർ. പെട്ടെന്ന് അടിക്ക് അടിക്ക് അടിക്ക് എന്ന് ആർത്തു വിളിച്ച് ആക്രോശിക്കുകയാണ് ചില വിരുതന്മാർ. സമയം വരുമ്പോൾ ഐ.ഡി.എഫ് അത് ചെയ്യും. ആരാൻ്റമ്മയ് ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്ത് ചേലാ അല്ലേ?