ഹസൻ നസ്റുല്ലയ്ക്കൊപ്പം ഇറാന്റെ മുതിര്‍ന്ന കമാൻഡറും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഐആര്‍ജിസി

ബെയ്റൂത്ത്: ബെയ്റൂത്തില്‍ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയോടൊപ്പം തങ്ങളുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇറാൻ.

റവല്യൂഷണറി ഗാർഡിൻ്റെ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറല്‍ അബ്ബാസ് നില്‍ഫറൗഷാനാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ ഇസ്‌ലാമിക്‌ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.

ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍ ഹസൻ നസ്റുല്ലയ്ക്കൊപ്പം നില്‍ഫറോഷാനും ഉണ്ടായിരുന്നു. കൂടാതെ ഇറാന്റെ മറ്റൊരു കമാൻഡറും അഞ്ചംഗ സംഘവും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. 1966ല്‍ ഇസ്ഫഹാനില്‍ ജനിച്ച നില്‍ഫറൗഷാൻ 1980കളില്‍ ബാസിജിലും പിന്നീട് ഐആർജിസിയിലും ചേർന്ന് സൈനിക പ്രവർത്തനങ്ങള്‍ ആരംഭിച്ചു.

ഏപ്രിലില്‍ ദമസ്കസിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഐആർജിസി ജനറല്‍ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം സേനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. നസ്‌റുല്ലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

അതേസമയം, ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെ അപലപിച്ച്‌ റഷ്യ രംഗത്തെത്തി. ഇത് ഇസ്രായേലിൻ്റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യുഎൻ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളും ലെബനനില്‍ വർധിച്ചുവരുന്ന സംഘർഷത്തില്‍ ആശങ്ക പങ്കുവച്ചു.

ഹസൻ നസ്റുല്ലയുടെ കൊലപാതകത്തില്‍ ലബനാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം തുടരുകയാണ്. ഇതിനിടയിലും ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ലബനാനില്‍ ആക്രമണം നടത്തി. ബെയ്റൂത്ത് വിമാനത്താവളത്തിനടുത്തും ആക്രമണമുണ്ടായി. ഇന്നലെ മാത്രം ലബനാനില്‍ 33 പേർ കൊല്ലപ്പെടുകയും 195 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ലബനില്‍‌ ഇതുവരെ പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി മന്ത്രി നാസർ യാസിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ലബനാനില്‍ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ മിസൈലാക്രമണവും തുടരുകയാണ്. ഇസ്രായേല്‍ പട്ടണങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നൂറിലേറെ മിസൈലുകളാണയച്ചത്.

ഹസൻ നസ്റുല്ലയുടെ കൊലയ്ക്ക് ഇറാന്‍റെയും ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാവുമെന്ന കണക്കുകൂട്ടലില്‍ വൻസുരക്ഷയിലാണ് ഇസ്രയേല്‍.