ചൈനയില്‍ നടുറോഡില്‍ കൂറ്റൻ മലിനജല പൈപ്പ് പൊട്ടിത്തെറിച്ചു, മനുഷ്യ വിസര്‍ജ്ജ്യത്തില്‍ കുളിച്ച്‌ യാത്രക്കാര്‍

ചൈനയില്‍ നടുറോഡില്‍ കൂറ്റൻ മലിനജല പൈപ്പ് പൊട്ടിത്തെറിച്ചു. മനുഷ്യ വിസർജ്ജ്യം 33 അടി ഉയരത്തില്‍ കുതിച്ചുയർന്നു.

കാല്‍നട യാത്രക്കാരും ബൈക്ക് യാത്രികരും ഉള്‍പ്പെടെയുള്ളവർ അപ്രതീക്ഷിതമായ പൊട്ടിത്തെറിയെ തുടർന്ന് മാലിന്യത്തില്‍ കുളിച്ചു. തെക്കൻ ചൈനയിലെ നാനിംഗിലെ തിരക്കേറിയ റോഡിലാണ് സംഭവം.

മനുഷ്യ വിസർജ്യം വൻ സ്ഫോടനത്തോടെ ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറുകളുടെയും ട്രക്കുകളുടെയും വിൻഡോ ഷീല്‍ഡുകള്‍ ഉള്‍പ്പെടെ മനുഷ്യവിസർജ്ജ്യത്താല്‍ നിറയുകയും ചെയ്തു. കാല്‍നടയാത്രക്കാരുടെ തല മുതല്‍ കാല്‍ വരെ മനുഷ്യ വിസർജ്യവും തെറിച്ചുവീണു.

നിർമാണത്തൊഴിലാളികള്‍ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പില്‍ മർദ്ദം പരീക്ഷിക്കുന്നതിനിടെയാണ് ഭയാനകമായ സംഭവം നടന്നതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. മലിനജല പൈപ്പ് പൊട്ടിത്തെറിച്ച്‌ നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, സംഭവത്തില്‍ ആർക്കും പരിക്കില്ല.