ബെയ്റൂത്ത് വിമാനത്താവള നിയന്ത്രണം ഹാക്ക് ചെയ്ത് ഇസ്രായേല്‍; ഇറാൻ വിമാനത്തിന് ഇറങ്ങാനായില്ല

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവർ ഹാക്ക് ചെയ്ത് ഇസ്രായേലി സൈന്യം.

ഇവിടെ ലാൻഡ് ചെയ്യാനിരുന്ന ഇറാനില്‍നിന്നുള്ള യാത്രാ വിമാനത്തിന് നേരെ ഭീഷണിയുയർത്തുകയും ചെയ്തു.

എയർപോർട്ടില്‍ ലാൻഡ് ചെയ്താല്‍ വിമാനം ആക്രമിക്കുമെന്ന ഇസ്രായേല്‍ ഭീഷണിയെത്തുടർന്ന് ഇറാൻ വിമാനം ലെബനൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് തടയാൻ ലെബനൻ ഗതാഗത മന്ത്രാലയം വിമാനത്താവള അധികാരികൾക്ക് നിർദ്ദേശം നല്കുകയായിരുന്നു. ഇസ്രായേൽ സൈന്യത്തിന്റെ കടുത്ത നിലപാടിനെ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയത്തിലെ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച്‌ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഹിസ്ബുല്ലയ്ക്ക് ആയുധം കൈമാറുന്നതായാണ് ഇസ്രായേല്‍ വാദം. ‘ഒരു തരത്തിലും ഹിസ്ബുല്ലയ്ക്ക് ആയുധങ്ങള് കൈമാറാന് ഞങ്ങൾ അനുവദിക്കില്ല. ഇറാന്റെ ആയുധങ്ങള് ഹിസ്ബുല്ലയ്ക്ക് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച്‌ ഞങ്ങള്ക്ക് വ്യക്തമായി അറിയാം, അത് തടയാൻ ഞങ്ങൾ പ്രവർത്തിക്കും’ ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.

അതേ സമയം ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളം ഹിസ്ബുല്ലയ്ക്ക് ആയുധങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്നുവെന്ന ഇസ്രായേല്‍ ആരോപണം ലെബനീസ് പൊതുമരാമത്ത് ഗതാഗത മന്ത്രി അലി ഹമീഹ് ശനിയാഴ്ച നിഷേധിച്ചു. വിമാനത്താവളം ‘പ്രത്യേകമായി സിവിലിയൻ’ ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു, ‘ബെയ്റൂത്ത് വിമാനത്താവളത്തിലെ സൈനിക വിമാന ഗതാഗതം ലെബനൻ സൈന്യത്തിന്റെ അനുമതിക്ക് വിധേയമാണ്. ‘അദ്ദേഹം പറഞ്ഞു.