തലക്ക് അമേരിക്ക 7 മില്യൻ ഡോളർ വിലയിട്ടിരുന്ന ഹിസ്ബുല്ലയുടെ കമാണ്ടർ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: വെള്ളിയാഴ്ചയുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ ഓപ്പറേഷൻസ് കമാൻഡർ ഇബ്രാഹിം അഖിൽ ആണ് ​കൊല്ലപ്പെട്ടത്.

ഹിസ്ബുല്ലയുടെ ഉന്നത സംഘമായ റദ്‍വാൻ യൂനിറ്റിന്റെ യോഗം ചേരുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരിച്ചതായാണ് വിവരം.

പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നൂറിലേറെ റോക്കറ്റുകളാണ് വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല തൊടുത്തുവിട്ടത്. സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേലി സൈന്യം അറിയിച്ചു.

ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ​ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രണ്ട് കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.

ഫുആദ് ഷുക്കൂറിന് പിറ​കെ ഇബ്രാഹിം അഖിലും മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്. ജൂലൈയിൽ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുക്കൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇബ്രാഹിം അഖിലിന്റെ തലയ്ക്ക് 7 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 1983ൽ ലബനാനിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിലും മ​റൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. എംബസി ആക്രമണത്തിൽ 63 പേരും മറൈൻ ബാരക്ക് ആക്രമണത്തിൽ 241 പേരുമാണ് കൊല്ലപ്പെട്ടത്.