◾ വയനാട് ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയില്‍, തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. വിശദമായ മെമ്മോറാണ്ടം നല്കി, പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല. കേരളം നല്കിയ നിവേദനം ചട്ടപ്രകാരമല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സഹായം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കം നേരിടാന്‍ മൂവായിരം കോടിയിലധികം രൂപയുടെ ധനസഹായം രണ്ടു ദിവസം മുമ്പ് കൃഷി മന്ത്രി സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിനുള്ള സഹായം നീട്ടിക്കൊണ്ടു പോകുന്നത്.
◾ തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.
◾ എഡിജിപി എം ആര് അജിത് കുമാര്‍, ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദവും പൂരം കലക്കല്‍ വിവാദവും നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജയത്തിന് അനുകൂലമായ പൊതുവികാരമുണ്ടാക്കിയതിന് പിന്നില്‍ തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തിനും പങ്കുണ്ടെന്ന ആരോപണത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍കുമാര്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
◾ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പറയുന്ന അന്വേഷണങ്ങള്‍ക്ക് ഇനിയെന്ത് പ്രസക്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. വിവരാവകാശരേഖ പുറത്തുവിട്ടതോടെ വഴിവിട്ട നീക്കങ്ങള്‍ പുറത്താകുന്നുവെന്നും , പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ അടക്കം പങ്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശ്ശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള് കേരളജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല. അതിനാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
◾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോര്‍ട്ട്. കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
◾ മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വന്‍ പ്രതിഷേധം. അപകടം നടന്ന ആനൂര്‍ക്കാവില്‍ ജനങ്ങള്‍ പ്രതിക്കെതിരെ പ്രതിഷേധമുയര്‍ത്തി. നാട്ടുകാര്‍ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പില്‍ നിന്നും ഇറക്കിയില്ല. പ്രതികള്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു.
◾ നടനും എം എല്‍ എയുമായ മുകേഷിനെതിരെ പരാതി നല്കിയ നടിക്കെതിരെ പോക്സോ കേസ്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയ ബന്ധു കൂടിയായ നടി നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചെന്ന് പരാതി നല്കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു.
◾ സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി എറണാകുളം സിജെഎം കോടതി ഓണ്‍ലൈനായി രേഖപ്പെടുത്തി. കൊല്‍ക്കത്ത ആലിപ്പൂര്‍ കോടതിയിലായിരുന്നു നടപടികള്‍. കൊച്ചിയില്‍ വന്ന് മൊഴി നല്കാന് ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് രേഖകള്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലെ കോടതിയിലേക്ക് അയച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
◾ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കേസില്‍ ജാമ്യം അനുവദിച്ചതോടെ ഏഴരവര്‍ഷത്തിനുശേഷം ഇന്നലെ വൈകിട്ടോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നലെ ഔദ്യോഗികമായി തുടങ്ങി. ഇന്നലെ വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഇന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും.
◾ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്സാന പര്‍വീണ്‍ ഏറ്റുവാങ്ങി.
◾ എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് വിവരം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും.
◾ ലെബനനില്‍ ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിന്സന് ജോസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന് ക്ലീന്‍ ചിറ്റ് നല്കി ബള്‍ഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി കടയില്‍ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്ന് പരാതി. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്.
◾ കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ ആത്മജ്, അരുണ്‍ മോഹനന്, ആദര്‍ശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾ പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.
◾ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
◾ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ മജിദിന്റെ മകന് ഷംജാദി( 45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മണികണ്ഠന് എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
◾ ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 3 ജവാന്മാര്ക്ക് വീരമൃത്യു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
◾ പേവിഷ ബാധയ്ക്കെതിരെ റാബീസ് വാക്സീനുകളുടെ കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷന് ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.
◾ ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
◾ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ ഐ.ടി. ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.
◾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും എഐയുമായി ബന്ധപ്പെട്ട ഭരണ നിര്‍വഹണത്തിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതി. എഐയെ നിയന്ത്രിക്കുന്നതിന് ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.
◾ പേജര്‍, വാക്കിടോക്കി സ്ഫോടനപരമ്പരകള്‍ക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്കി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.
◾ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8 പേര് കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ റദ്വാന് യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായാണ് സൂചന. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡിഷയെ തകര്‍ത്ത് പഞ്ചാബ് എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം.
◾ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക മേല്‍ക്കൈ. 227 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. നേരത്തേ ആദ്യ ഇന്നിങ്സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
◾ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിഫ ഫുട്ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാര്‍. 102-ാം സ്ഥാനത്ത് വരെ എത്തിയിരുന്ന ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മോശം റാങ്കിങ്ങാണിത്.




