സെൻ്റ് തോമസ് ഇന്ത്യയിൽ വന്നു എന്നത് കെട്ടുകഥ

ജോസഫ് പുലിക്കുന്നേല്‍

ഡോക്ടര്‍ ഓമന റസ്സലിന്റെ ‘ചരിത്രവും കാണാപ്പുറങ്ങളും’ എന്ന ലേഖന സമാഹാരത്തിന് അവതാരിക എഴുതുന്നതില്‍ സന്തോഷമുണ്ട്. ഈ സമാഹരണത്തിലെ മിക്ക ലേഖനങ്ങളും ഞാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുള്ളവയാണ്.

എല്ലാ മതങ്ങളുടെയും ആദി സ്രോതസ്സ് ഐതിഹ്യങ്ങളുടെയും ഭാവനാ സമൃദ്ധമായ കെട്ടുകഥകളുടെയും ചട്ടക്കൂട്ടിലാണ് നമുക്ക് ലഭിക്കുന്നത്. ഐതിഹ്യങ്ങളുടെ ചട്ടക്കൂട് പൊളിച്ച് ചരിത്രത്തിന്റെ ഉള്‍ക്കാമ്പ് വിവേചനാപൂര്‍വ്വം മനസ്സിലാക്കുക എന്നത് ക്ലേശകരമാണ്. മറ്റു മതങ്ങളിലെന്നതു പോലെ ക്രൈസ്തവ മതത്തിലും ഈ ഐതിഹ്യങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അപ്പോള്‍ ഐതിഹ്യങ്ങളെ കീറിമുറിക്കുന്നത് വിശ്വാസികള്‍ക്ക് വേദന ഉളവാക്കും. അതുകൊണ്ട് സത്യം അറിയാവുന്നവര്‍ പോലും പലപ്പോഴും സംഘടിത എതിര്‍പ്പിനെ ഭയന്ന് മൂകരാകുകയാണ് പതിവ്.

സെന്റ് തോമസ് എ.ഡി. 52-ല്‍ കേരളത്തില്‍ വന്നു എന്നും, 7 പള്ളികള്‍ സ്ഥാപിച്ചു എന്നും, ബ്രാഹ്‌മണരെ മാമ്മോദീസ മുക്കി എന്നും മറ്റുമുള്ള ഐതിഹ്യങ്ങള്‍ ഒരതിര്‍ത്തിയോളം നസ്രാണി ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. തന്മൂലം മാര്‍ത്തോമ്മാ ഇന്ത്യയില്‍ വന്നു എന്ന് സംശയിക്കുന്നതു തന്നെ അവര്‍ക്ക് പാപമാണ്.

ശ്രീമതി റസ്സല്‍ മാര്‍ത്തോമ്മായുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ ഈ ലേഖന സമാഹാരത്തിന്റെ ആദ്യത്തെ പ്രബന്ധത്തില്‍ തന്നെ നിരാകരിച്ചിരിക്കുകയാണ്. സെന്റ് തോമസ് ഇന്ത്യയില്‍ വന്നു എന്നത് ഒരു ഐതിഹ്യം മാത്രമാണ്. ആ ഐതിഹ്യത്തിന് ഉപോത്ബലകമായിട്ടുള്ളത് 4-ാം നൂറ്റാണ്ടില്‍ സുറിയാനിയില്‍ രചിച്ച ഒരു ഗ്രന്ഥവും മറ്റു ചില അപ്രധാനങ്ങളായ സൂചനകളും മാത്രമാണ്. ഇനി മാര്‍ത്തോമ്മാ തന്നെ പുനരവതരിച്ച് താന്‍ കേരളത്തില്‍ വന്നിട്ടേ ഇല്ല എന്നു പറഞ്ഞാല്‍ പോലും നസ്രാണികള്‍ അതു വിശ്വസിക്കുമെന്നു തോന്നുന്നില്ല!!!

റോമാ സാമ്രാജ്യത്തിനുള്ളിലെ ക്രൈസ്തവ മതം സാമ്രാജ്യത്തിന്റെ അധികാരഘടനാ രൂപം സ്വീകരിച്ചിട്ട് ഏകദേശം 1600 കൊല്ലങ്ങളാകുന്നു. ഇക്കാലഘട്ടത്തില്‍ സഭയ്ക്കുള്ളിലേക്ക് ഇതര മതസ്വാധീനം സമൃദ്ധമായി ചേക്കേറുകയും ഇന്ന് കത്തോലിക്കാ സഭയെന്ന് വ്യവഹരിക്കപ്പെടുന്ന വിശ്വാസക്കൂട്ടായ്മ ഇവയെ എല്ലാം വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ചരിത്രപരമായ സത്യമാണ്.

വിശ്വാസത്തിന്റെ ഭാഗമായിത്തീര്‍ന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും ഇതര മത ആചാരാനുഷ്ഠാനങ്ങളും ഇന്ന് സഭയ്ക്കുള്ളില്‍ വെള്ളത്തില്‍ വിഷം എന്നതുപോലെ ലയിച്ചു ചേര്‍ന്നിരിക്കുന്നു. അവയെ വേര്‍തിരിക്കാന്‍ അസാദ്ധ്യമാണ്. സത്യത്തില്‍ ഇന്ന് ആചാരാനുഷ്ഠാനങ്ങളാണ് ക്രൈസ്തവ വിശ്വാസം. യേശുവിലുള്ള ഉപരിപ്ലവ വിശ്വാസം ഈ ആചാരസംഹിതയ്ക്ക് ന്യായീകരണം നല്‍കുന്നു എന്നു മാത്രം.

ശ്രീമതി റസ്സലിന്റെ ചില നിരീക്ഷണങ്ങളോട് യോജിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്നുള്ള സത്യം കൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ. ഗ്രന്ഥകാരി എഴുതുന്നു: എ.ഡി. നാലാം നൂറ്റാണ്ട് മുതല്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് പേര്‍ഷ്യയില്‍ നിന്ന് മെത്രാന്മാരെ ലഭിച്ചിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. (പേജ് 36)
കേരള ക്രൈസ്തവരുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ബന്ധമാണ് പേര്‍ഷ്യന്‍ സഭയുമായി അവര്‍ക്കുണ്ടായിരുന്നത്. പേര്‍ഷ്യന്‍ സഭയില്‍ നിന്നും മെത്രാന്മാര്‍ ഇവിടെ വന്നത് കേരള ക്രൈസ്തവര്‍ക്ക് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യാനായിരുന്നില്ല. നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ രാജാവായ സാപ്പോര്‍ ഒന്നാമന്റെ കീഴില്‍ പേര്‍ഷ്യയില്‍ നടന്ന മതപീഢനത്തെ തുടര്‍ന്ന് കച്ചവടക്കാരന്‍ തൊമ്മന്റെ (ക്‌നാനായി തൊമ്മന്‍) നേതൃത്വത്തില്‍ പേര്‍ഷ്യാക്കാര്‍ കേരളത്തില്‍ കുടിയേറി.

പിന്നീടും ഇത്തരം കുടിയേറ്റങ്ങള്‍ ഇവിടെ ഉണ്ടായി. സാപ്പോര്‍ ഒന്നാമന്റെ മതപീഡനത്തെ തുടര്‍ന്ന് കച്ചവടക്കാരന്‍ തൊമ്മന്റെ (ക്‌നാനായി തൊമ്മന്‍) നേതൃത്വത്തില്‍ പേര്‍ഷ്യാക്കാര്‍ കേരളത്തില്‍ കുടിയേറി. പിന്നീടും ഇത്തരം കുടിയേറ്റങ്ങള്‍ ഇവിടെ ഉണ്ടായി. സാപ്പോര്‍ ഒന്നാമന്റെ മതപീഡനത്തെ തുടര്‍ന്ന് പേര്‍ഷ്യയിലെ കേരള ക്രൈസ്തവസഭ തീര്‍ത്തും ദുര്‍ബലമായിത്തീര്‍ന്നു. 7-ാം നൂറ്റാണ്ട് ആയപ്പോഴേക്കും അറബികളുടെ ആക്രമണത്തോടെ ക്രൈസ്തവസഭ വീണ്ടും ബലഹീനമായി. ഈ സാഹചര്യത്തില്‍ പേര്‍ഷ്യയിലെ മെത്രാന്മാര്‍ ഇവിടെ വരുന്ന അവസരത്തില്‍ കര്‍ത്താവിന്റെ അത്താഴത്തിന്റെ ആചരണം അവരുടെ ക്രമമനുസരിച്ചു നടത്തി.

അക്കാലഘട്ടത്തില്‍ കേരള ക്രൈസ്തവര്‍ക്ക് ഒരു നേതാവുണ്ടായിരുന്നു. ആ നേതാവിന്റെ പേര് ജാതിക്കു കര്‍ത്തവ്യന്‍ എന്നായിരുന്നു. ജാതിക്കു കര്‍ത്തവ്യനെ പേര്‍ഷ്യന്‍ സമ്പ്രദായമനുസരിച്ച് ആര്‍ച്ചുഡീക്കനായി മാത്രമാണ് പേര്‍ഷ്യന്‍ മെത്രാന്മാര്‍ പരിഗണിച്ചത്. സത്യത്തില്‍ ജാതിക്കു കര്‍ത്തവ്യന്റെ സ്ഥാനം പൗരസ്ത്യസഭകളിലെ പാത്രിയര്‍ക്കീസിന്റേതായിരുന്നു. കേരള ക്രൈസ്തവരുടെ അപ്പസ്‌തോലിക പാരമ്പര്യം നഷ്ടപ്പെട്ടെന്നും, അതു കൂട്ടിയിണക്കാനാണ് പേര്‍ഷ്യന്‍ മെത്രാന്മാര്‍ ഇവിടെ വന്നതെന്നുമുള്ള ഐതിഹ്യം പല പുരോഹിത ചരിത്രകാരന്മാരും പിന്നീട് അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് അവരുടേതായ ആരാധനാക്രമങ്ങളും ഘടനാരൂപങ്ങളും ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ ആരാധനാക്രമം അവര്‍ സ്വീകരിച്ചിരുന്നില്ല. (കാണുക ലേഖകന്റെ Identity of Nazrani Church of Kerala, അദ്ധ്യായം 3). ഇവിടെ പണം പിരിക്കുന്നതിനെത്തിയ പേര്‍ഷ്യന്‍ ക്രൈസ്തവരുടെ വിശ്വാസം ഇവിടുത്തെ ക്രൈസ്തവര്‍ സ്വീകരിച്ചിരുന്നില്ല എന്നതാണ് ചരിത്രസത്യം.

സഭാ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച് ക്രൈസ്തവരില്‍ അടിച്ചേല്‍പ്പിച്ച ചില വ്യാജമുദ്രകളുണ്ട്. ഈ വ്യാജമുദ്രകളെ ചൂണ്ടിക്കാണിച്ച് ചരിത്രസത്യങ്ങളിലേക്ക് അനുവാചകരെ നയിക്കുക എന്നത് ചിന്തിക്കുന്നവരുടെ കടമയാണ്.

ശ്രീമതി റസ്സലിന്റെ ഗ്രന്ഥം ഇക്കാര്യത്തില്‍ ഒരതിര്‍ത്തിയോളം വിജയിച്ചു. എന്നാല്‍ ഇന്നലെകള്‍ സൃഷ്ടിച്ച ചില ധാരണകള്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് പൂര്‍ണ്ണമായി മായിച്ചുകളയാനാവില്ല. പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തുമ്പോള്‍ പേര്‍ഷ്യക്കാരനായ മാര്‍ എബ്രാഹം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായിരുന്നു എന്ന ഒരു സൂചന (പേജ് 39) ഈ ഗ്രന്ഥത്തില്‍ കാണുന്നു. മാര്‍ എബ്രാഹം കേരളത്തില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അദ്ദേഹം കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാനായിരുന്നില്ല.

കേരള സഭാചരിത്രത്തിലേക്ക് ഒരു കൈവിളക്കായി ഈ ഗ്രന്ഥം കാണാവുന്നതാണ്. കൂടുതല്‍ കൃതികള്‍ ആ തൂലികയില്‍ നിന്നും പ്രതീക്ഷിക്കുന്നു.