അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ സ്വീകരിക്കാൻ മാര്‍പാപ്പയുടെ ആഹ്വാനം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും ഡൊണാള്‍ഡ് ട്രംപിന്റെയും കമല ഹാരീസിന്റെയും പേര് പരാമർശിക്കാതെ മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ ഉപേക്ഷിക്കുന്നനും കുഞ്ഞുങ്ങളെ കൊല്ലുന്നവനും ജീവനെതിരാണെന്നും മാർപ്പാപ്പ തുറന്നടിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടും കമല ഹാരീസിന്റെ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടും ചൂണ്ടിക്കാട്ടിയായിരുന്നു മാർപാപ്പയുടെ വിമർശനം.

12 ദിന ഏഷ്യ-പസഫിക് സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച്‌ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും പരാമർശിച്ചത്.

‘ഞാൻ ഒരു അമേരിക്കക്കാരനല്ല. എനിക്ക് അവിടെ വോട്ടില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതും അവർക്ക് ജോലി ചെയ്യാനുള്ള അവസരം നല്‍കാത്തതും പാപമാണ്. ഗർഭഛിദ്രം കൊലപാതകമായതിനാലാണ് സഭ ഇക്കാര്യത്തെ എതിർക്കുന്നത്’, മാർപ്പാപ്പ പറഞ്ഞു. വോട്ടർമാർ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മറുപടി. ആ സ്ത്രീയാണോ പുരുഷനാണോ കുറഞ്ഞ തിന്മ ചെയ്യുന്നതെന്ന് തനിക്കറിയില്ല. ജനങ്ങള്‍ മനസാക്ഷിപൂർവം ചിന്തിച്ച്‌ വോട്ട് രേഖപ്പെടുത്താനും മാർപ്പാപ്പ ആവശ്യപ്പെട്ടു.