നാം ആര്‍ക്കെങ്കിലും താങ്ങായാല്‍, മറ്റാരെങ്കിലും നമുക്കും താങ്ങായെത്തുക തന്നെ ചെയ്യും

ഒരു ജോലിക്കായി അവള്‍ മുട്ടാത്ത വാതിലുകളില്ല. പല കാരണങ്ങള്‍ കൊണ്ടും അതെല്ലാം ലഭിക്കാതെ പോയി.

ദാരിദ്ര്യം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു. അടുത്ത ഗ്രാമത്തിലെ ഫാക്ടറിയില്‍ ഒരു ക്ലാര്‍ക്കിനെ വേണമെന്ന വാര്‍ത്തകണ്ട് അവള്‍ അപേക്ഷയുമായി ഇറങ്ങി.

അവള്‍ കയറിയ ബസ്സിലെ അധികമാളുകളും ആ ഫാക്ടറിയിലെ ജോലിക്കായി അപേക്ഷയുമായി പോകുന്നവരാണ്. ബസ് ഫാക്ടറിക്ക് മുന്നില്‍ നിര്‍ത്തിയപ്പോള്‍ എല്ലാവരും ഇറങ്ങാന്‍ തുടങ്ങി.

അപ്പോഴാണ് ഒരു സ്ത്രീ കാല്‍വഴുതി വീണത്. ബസ്സിലുളള ആരും അവരെ ശ്രദ്ധിക്കാതെ കടന്നുപോയപ്പോള്‍ അവള്‍ അവരെ താങ്ങിയെഴുന്നേല്‍പിച്ചു. കയ്യിലുളള വെള്ളം കൊടുത്തു. വസ്ത്രത്തില്‍ പറ്റിയ ചെളിയെല്ലാം തുടച്ചുകളഞ്ഞു.

അല്‍പം കഴിഞ്ഞ് അവര്‍ നടന്നു ഫാക്ടറിയിലേക്ക് പോയി. അപേക്ഷയുമായി മാനേജരുടെ മുന്നിലേക്കെത്തിയപ്പോള്‍ അവള്‍ അമ്പരന്നു. താന്‍ സഹായിച്ച സ്ത്രീ അവിടെയിരിക്കുന്നു.

അതിഥികളെ സ്വീകരിക്കുന്ന ഒരാളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതിനുളള എല്ലാ യോഗ്യതയും നിങ്ങള്‍ക്കുണ്ട്. നാളെ മുതല്‍ നിങ്ങള്‍ക്കിവിടെ ജോലിയില്‍ പ്രവേശിക്കാം. സന്തോഷംകൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അറിവുണ്ടോ എന്നതല്ല, പെരുമാറാനറിയുമോ എന്നതാണ് പ്രധാനം. എല്ലാ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അടുത്തിരിക്കുന്നവരെക്കുറിച്ച് ഒരറിവും ഇല്ലെങ്കില്‍ എന്താണ് കാര്യം? അവനവന്റെ ചെറുമുറികളിലിരുന്ന് സ്വന്തം പുസ്തകങ്ങളിലേക്കും ജോലിയിലേക്കും കണ്ണുംനട്ടിരിക്കുന്നവരെ എങ്ങിനെയാണ് സാമൂഹ്യജിവികളെന്ന് വിളിക്കാനാവുക.. ഇത്തരക്കാര്‍ക്ക് തന്റെ മുമ്പില്‍ തളര്‍ന്നിരിക്കുന്നവര്‍ പോലും പ്രതിബന്ധമാണ്. വളര്‍ത്തിയവരേയും ഒപ്പം നിന്നവരേയും പോലും അവര്‍ തള്ളിപ്പറയും.

ഒരാള്‍ക്ക് പോലും ഇതുവരെ താങ്ങായിട്ടില്ലെങ്കില്‍ ബഹുമതികള്‍ക്കൊണ്ടും സാക്ഷ്യപത്രങ്ങള്‍കൊണ്ടും എന്താണ് പ്രയോജനം? നാം ആര്‍ക്കെങ്കിലും താങ്ങായാല്‍, മറ്റാരെങ്കിലും നമുക്കും താങ്ങായെത്തുക തന്നെ ചെയ്യും

– ശുഭദിനം.