◾ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പരക്കെ പരാതികളുയര്‍ന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. ചര്‍ച്ച വേണമെന്ന് ആര്‍ജെഡി ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണം തീരട്ടെ എന്നാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആര്‍എസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും നടപടി അതിന് ശേഷം എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരു ആണെന്ന് വി ഡി സതീശന്‍. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍, എസ്പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണെന്ന് സതീശന്‍ വിമര്‍ശിച്ചു.എഡി.ജിപിയെ സംരക്ഷിക്കാന്‍ എംഎല്‍എ ആവശ്യപ്പെടുന്ന എന്തും ചെയ്തു നല്‍കാന്‍ തയാറാകുന്ന ഭീരുവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
◾ എഡിജിപി എംആര്‍ അജിത് കുമാര്‍ എന്തിനു ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്നും അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകാരനാണെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
◾ രാജ്യത്തെ എഴുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
◾ മലയാളത്തിലുള്ള വിവരാവകാശ അപേക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെ മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. എ എ ഹക്കിം. അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. നികുതിപ്പണം എങ്ങനെ ചെലവഴിക്കപ്പെട്ടു എന്ന വിവരം കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ പൗരന് ലഭ്യമാക്കുകയാണ് ഈ നിയമത്തിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിനെതിരെ ആരോപണമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കി.
◾ ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിയമ സാധുതയെക്കുറിച്ച്, ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ചോദ്യങ്ങളുന്നയിച്ച് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് ചോദിച്ചു.തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.
◾ ഓണത്തിന് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ആശ്വാസമായി ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി. സെപ്തംബര്‍ 13ന് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്കാണ് പ്രത്യേക തീവണ്ടി. റിസര്‍വേഷന്‍ തുടങ്ങി.
◾ ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നുണ്ട്.
◾ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ വി.കെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ വികെ പ്രകാശിന് നിര്‍ദ്ദേശം നല്‍കിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിടണമെന്നും വ്യക്തമാക്കി.
◾ വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഉദ്യോഗസ്ഥനെതിരെയല്ല, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
◾ സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി . തിരുവനന്തപുരത്തെ ചാല, പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഇവയിലെ ട്രേഡുകള്‍ സംബന്ധിച്ചും തീരുമാനം ആയിട്ടുണ്ട്.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഓരോ പരാതിയിലും ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ എംഎല്‍എ. ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കെകെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി. മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു. ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
◾ പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.
◾ പി.വി.അന്‍വര്‍ എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി.അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിവസകണക്കൊക്കെ റെക്കോഡ് ചെയ്യപ്പെട്ടാലും കാര്യമാക്കുന്നില്ലെന്ന് അറിയിച്ച അന്‍വര്‍, നീതി കിട്ടുംവരെയും പോരാടുമെന്നും വ്യക്തമാക്കി.
◾ സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന പരിപാടിക്ക് പല നിര്‍മാതാക്കള്‍ക്കും ക്ഷണമില്ലെന്നും വന്നോട്ടെ എന്ന് ചോദിച്ചിട്ട് പോലും വേണ്ട എന്നാണ് സംഘടനയില്‍ നിന്ന് ലഭിച്ച മറുപടിയെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.
◾ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഭാരമേകുന്ന നിര്‍ദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ‘സമ്മര്‍ ചാര്‍ജ്’ എന്ന രീതിയില്‍ കൂടുതല്‍ തുക ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന നിര്‍ദേശം റെഗുലേറ്ററി കമ്മീഷനുമുന്നില്‍ വെച്ചു. ഇതിനുപുറമേ, ഈ വര്‍ഷം 4.45 ശതമാനം നിരക്ക് വര്‍ധനവും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
◾ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണെന്നും മന്ത്രി അറിയിച്ചു.
◾ നിവിന്‍ പോളിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച്, മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമയില്‍നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.
◾ കേരള സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വന്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. ഇതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.
◾ നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന്‍ ഷിപ്യാഡ് നീറ്റിലിറക്കി. ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് ഇന്നലെ നിര്‍വഹിച്ചു. പൂര്‍ണമായും സജ്ജമാകുന്ന അന്തര്‍വാഹിനി ആക്രമണ പ്രധിരോധ കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ, ആഗോളതലത്തില്‍ കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ പ്രവൃത്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാനാകും. ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രധിരോധ കപ്പലുകളാണ് കൊച്ചിന്‍ ഷിപ്യാഡ് നിര്‍മിച്ചു നല്‍കുന്നതെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.
◾ ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഉണ്ടായിരിക്കണമെന്നതാണ് തന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്പോ മാര്‍ട്ടില്‍ ‘സെമികോണ്‍ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ഗുജാറത്തില്‍ ആശങ്ക ഉയര്‍ത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയില്‍ പടരുന്ന രോഗം ബാധിച്ച് 15 പേര്‍ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നും ഇതോടെ ഏത് തരം വൈറസാണ് രോഗത്തിന് കാരണമായതെന്ന് കണ്ടെത്താനാകുമെന്നും ജില്ലാ കളക്ടര്‍ അമിത് അരോറ അറിയിച്ചു.
◾ കേന്ദ്ര സര്‍ക്കാരിന്റെ പേര് പറഞ്ഞുള്ള ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ് വീണ്ടും. kbkbygov.online വെബ്‌സൈറ്റ് വഴിയാണ് തട്ടിപ്പ് നടക്കുന്നത്, ഈ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധമൊന്നുമില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
◾ ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കത്വയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉദ്ദംപൂര്‍ മേഖലയിലെ കത്വ-ബസന്ത്ഘട്ട് അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധന ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
◾ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമരത്തിലേര്‍പ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
◾ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ജയം.




