ദീപു ജോൺ, കോഡിനേറ്റർ യുഎഇ
യുഎഇ: യു.എ.ഇയുടെ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി സാന്നിധ്യം. ഇടംകൈ ബാറ്ററും ബൗളറുമായ കെസിയ മറിയം സബിനാണ് നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെൻറിനുള്ള യു.എ.ഇ ടീമിൽ ഇടം നേടിയത്.
വർക്കല സ്വദേശികളായ സബിൻ ഇഖ്ബാലിന്റേയും മറിയം മാത്യുവിന്റേയും മകളാണ് കെസിയ. യു.എ.ഇയിൽ ജനിച്ചതിനാലാണ് കെസിയ യു.എ.ഇയുടെ ദേശീയ ടീമിലെത്തിയത്. യുഎഇ ടീമിന്റെ പരിശീലകനായ അഹമ്മദ് റാസ, കെസിയയുടെ കളി വിഡിയോയിൽ കണ്ടാണ് താരത്തെ യുഎഇയിലേക്കു ക്ഷണിച്ചത്.

കേരളത്തിന്റെ ജൂനിയർ ടീമുകളിൽ ജേഴ്സിയണിഞ്ഞ കെസിയ അണ്ടർ 19 മത്സരത്തിൽ 2 തവണ കേരളത്തിനായി കളിച്ചു. മണിപ്പൂരിനും മിസോറമിനും എതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തിരുവനന്തപുരം കെ.സി.എയുടെ പരിശീലനത്തിനു ശേഷം കെസിയ ബെംഗളൂരുവിൽ രാഹുൽ ദ്രാവിഡ് അക്കാദമിയിൽ ചേർന്നു. ചെന്നൈയിൽ രവി ശാസ്ത്രി ക്രിക്കറ്റ് സ്കൂളിലും രാജസ്ഥാൻ റോയൽസ് അക്കാദമിയിലും താരം ക്രിക്കറ്റ് പരിശീലിക്കുകയുണ്ടായി.
സ്വതന്ത്രസമര പോരാളി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനാണ് കെസിയയുടെ പിതാവായ സബിൻ ഇക്ബാൽ. സ്പോർട്സ് മാധ്യമപ്രവർത്തകനായ സബിനും കുടുംബവും മുമ്പ് യു.എ.ഇലായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.




