മുല്ലപ്പെരിയാർ അണക്കെട്ടില്‍ സുരക്ഷാ പരിശോധനയ്ക്ക് അനുമതി. മുല്ലപ്പെരിയാർ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്നാട് വാദം കമ്മിഷൻ തള്ളി. 12 മാസത്തിനുള്ളില്‍ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നല്‍കാനാണ് നിർദേശം.
സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011ലാണ് ഇതിന് മുൻപ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. സ്വതന്ത്ര വിദഗ്ദന്മാർ ഉള്‍പ്പെടുന്ന സമിതി കേരളം നിർദേശിക്കുന്ന അജൻഡ കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്ബ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണല്‍ സുരക്ഷ എന്നിവ പരിശോധിക്കും.
പത്തുവർഷത്തിലൊരിക്കല് രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 2011ലാണ് മുല്ലപ്പെരിയാർ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാ പരിശോധന നടന്നത്. അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി തമിഴ്നാടിന് 2014ല്‍ നിർദേശം നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മേല്‍നോട്ട സമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് നീക്കം നടത്തിയത്.
കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്കിയ പൊതുതാല്പര്യഹർജിയില് 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ അതിന് ശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതായിരുന്നു തമിഴ്നാട് നിലപാട്.




