ഞങ്ങൾ രണ്ട് പേരെ ഒരുമിച്ച് ബിഷപ്പിൻ്റെ ഓഫീസിലേക്ക് കയറ്റി വിട്ടു. എനിക്ക് മുമ്പെ പോയ ആൾക്ക് നേരെ ബിഷപ്പ് പീറ്റർ തുരുത്തിക്കോണത്തിൻ്റെ കൈ നീണ്ടു വന്നു. അയാൾ അദ്ദേഹത്തിൻ്റെ കയ്യിൽ മുത്തമിട്ടു. തൊട്ടു പിന്നാലെ ചെന്ന എനിക്ക് നേരെയും ബിഷപ്പിൻ്റെ കൈ നീണ്ടു . ഞാനും മുമ്പിൽ നിന്ന ആൾ ചെയ്തതുപോലെ അദ്ദേഹത്തിൻ്റെ വിരലുകളിൽ ഉമ്മ വച്ചു. പക്ഷേ മൂക്കിൽ മുട്ടിയത് വലിയ നെല്ലിക്കയുടെയത്ര വലിപ്പമുള്ള എന്തോ ഒരു വസ്തുവായിരുന്നു.
മുണ്ടക്കയം സെൻ്റ് ജോസഫ്സ് സ്കൂളിൽ ഓമന അദ്ധ്യാപികയായി ജോലി ചെയ്യുന്ന കാലം. ലക്ഷദ്വീപിലെ ഒരു സ്കൂളിൽ വൈസ് പ്രിൻസിപ്പൾ ഒഴവുണ്ടെന്നറിഞ്ഞപ്പോൾ അപേക്ഷിക്കാൻ തീരുമാനിച്ചു. പ്രോപ്പർ ചാനലിലൂടെ വേണം അപേക്ഷിക്കാൻ. അതിന് തൊഴിൽ ദാതാവായ വിജയപുരം രൂപതയുടെ കോർപറേറ്റ് മാനേജരുടെ കത്ത് വേണം. അത് വാങ്ങാനായിട്ടാണ് ഞാൻ രൂപതാ ഓഫീസിൽ എത്തിയത്. സൗമ്യനായ ഫാ : ജോൺ കുന്നത്തുകുഴിയായിരുന്നു കോർപ്പറേറ്റ് മാനേജർ. വിജയപുരം കത്തോലിക്കാ രൂപതയുടെ കീഴിൽ ധാരാളം സ്കൂളുകളുണ്ട്. ഈ സ്കൂളുകളിൽ നിന്നും ധാരാളം അദ്ധ്യാപകരും അനദ്ധ്യാപകരും ദിനവും ഇദ്ദേഹത്തെ കാണാൻ എത്താറുണ്ട്. എയ്ഡഡ് സ്കൂളുകളായതുകൊണ്ട് അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾ, ശിക്ഷണനടപടികൾ എല്ലാം കോർപറേറ്റ് മാനേജരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സർക്കാരിന് ശംബളം കൊടുക്കുന്ന ജോലിയും കുട്ടികൾ ആവശ്യത്തിനുണ്ടോ എന്ന എൻക്വയറിയും അല്ലാതെ മറ്റ് റോളൊന്നും ഇല്ല.
ഓഫീസിൽ ചെന്നപ്പോഴാണ് അച്ചൻ ലീവിലാണെന്നറിയുന്നത്. പകരം രൂപതയുടെയും അതിനകത്തെ സകല സ്ഥാപനങ്ങളുടേയും പരമാധികാരി ബിഷപ്പ് ആയതുകൊണ്ട് അദ്ദേഹത്തിൻ്റെ കത്തായാലും മതി എന്നറിഞ്ഞു. അങ്ങനെയാണ് ഓമനയ്ക്ക് വേണ്ടി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ ബിഷപ്പിൻ്റെ ഓഫീസിൽ കാത്ത് നിന്നത്.
ഒടുവിൽ അകത്ത് കയറാൻ അനുമതി കിട്ടി. അങ്ങനെ കയറിയ ഉടനെയാണ് ബിഷപ്പിൻ്റെ കയ്യിൽ ഉമ്മ വച്ചത്. മുമ്പിൽ നിന്ന ആൾ ചെയ്തത് പോലെ ഞാനും ചെയ്തു , അത്രമാത്രം. ബിഷപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങവേ ചോദ്യങ്ങൾ കൊണ്ട് എൻ്റെ മനസ് മേഘാവൃതമായി. എന്തിനാണ് മെത്രാൻ കൈനീട്ടിയത്? കൈനീട്ടിയ ഉടൻ എൻ്റെ മുമ്പിൽ നിന്ന ആൾ എന്തിനാണ് ഉമ്മ വച്ചത് ? ഉമ്മ വച്ച ഉടനെ മൂക്കിൽ തട്ടിത്തടഞ്ഞത് എന്തായിരുന്നു ? ആകെ കൺഫ്യൂഷ്യൻ !!
വീട്ടിലെത്തി സർട്ടിഫിക്കറ്റ് ഓമനയുടെ കയ്യിൽ കൊടുത്തിട്ട് നടന്ന സംഭവം ഞാൻ വിശദീകരിച്ചു. മറുപടിയിൽ ഞാൻ ആകെ ചൂളിപ്പായി. ‘അയ്യേ’ എന്ന കളിയാക്കലും ഭാര്യയുടെ പുച്ഛമായ ഒരു നോട്ടവും കൂടിയായപ്പോൾ എൻ്റെ ഗ്യാസ് പോയി.
ഞാൻ വീണ്ടും ചോദിച്ചു ‘എന്താണെന്ന് വച്ചാ പറ’ ? മറുപടി വന്നു. ‘ ബിഷപ്പ് നീട്ടി തന്ന കയ്യിൽ അണിഞ്ഞിരിക്കുന്നത് ഒരു മോതിരമാണ്. അത് റോമിൽ ചെല്ലുമ്പോൾ മാർപ്പാപ്പ വെഞ്ചരിച്ച് കൊടുക്കുന്നതാണ്. ആ മോതിരത്തിൽ ചുംബിക്കുന്നത് അവരെ വണങ്ങുന്നതിന് സമാനമാണ്.’
ഇത് പറഞ്ഞിട്ട് പുള്ളിക്കാരി ദേഷ്യത്തോടെ അടുക്കളയിലേക്ക് ഒരു നടത്തം. ഞാൻ അന്തം വിട്ട് നോക്കി നിൽക്കവേ തിരിഞ്ഞ് ഒരു ഡയലോഗ് കൂടി കാച്ചി. ‘ നാണമില്ലേ ‘
എന്നിട്ട് വെട്ടിത്തിരിഞ്ഞ് സ്പീഡ് കൂട്ടി അടുക്കളയിലേക്ക് വച്ചടിച്ചു.
എൻ്റെ മുമ്പിൽ നിന്ന ആൾ ചെയ്തത് പോലെ ഞാനും ചെയ്തു. അയാൾ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു. അവർ മെത്രാൻമാരെ കാണുമ്പോൾ മാർപ്പാപ്പ അനുഗ്രഹിച്ച് നൽകിയ മോതിരത്തിൽ മുത്തം വയ്ക്കാറുണ്ട്.
എന്ത് ചെയ്യാനാ അറിയാതെ ചെയ്തതല്ലെ. അത് ഇത്ര വലിയ കുറ്റമാണോ എന്നൊക്കെ ചിന്തിച്ച് ചിന്താമഗ്നനായി നിന്നപ്പോൾ ഭാര്യ അടുക്കളയിൽ നിന്നും അതാ വരുന്നു. ചട്ടുകം ഒന്നും കയ്യിലില്ലാതെ.
ഞാൻ വീണ്ടും ചോദ്യമെറിത്തു. ‘പിന്നെങ്ങനെയാ ഞാൻ ബിഷ്പ്പ് പീറ്റർ തുരുത്തിക്കോണത്തിനെ വിഷ് ചെയ്യേണ്ടത്.’
ഇപ്രാവശ്യം മറുപടി അടുത്തു വന്നു നിന്ന് ശാന്തമായി പറഞ്ഞു. ‘കത്തോലിക്കരല്ലാത്തവർ കൈകൾ കൂപ്പി നമസ്തേ എന്ന് പറഞ്ഞാൽ മതി ‘
ഞാൻ ചോദിച്ചു ‘അങ്ങനെ മതിയോ’
‘മതി’ എന്ന് പറഞ്ഞിട്ട് വീണ്ടും ഒരു നടത്തം അടുക്കളയിലേക്ക്. ഇപ്രാവശ്യത്തെ നടത്തം ശാന്തതയോടെ ആയിരുന്നു.




