പ്രശസ്ത സുവിശേഷ പ്രസംഗകനും വേദാദ്ധ്യാപകനും എഴുത്തുകാരനുമായ പി.ഐ. എബ്രഹാം (കാനം അച്ചന്‍- 91) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം ഓഗസ്റ്റ് 31 ശനിയാഴ്ച നടക്കും.
ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭൗതീകശരീരം ചമ്പക്കര ആശ്രമംപടിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും.
ശനിയാഴ്ച രാവിലെ 8 മുതല്‍ ഐപിസി കോട്ടയം തീയോളജിക്കല്‍ സെമിനാരി ആഡിറ്റോറിയത്തില്‍ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്ക്ക് 2 മണിക്ക് ചര്‍ച്ച് ഓഫ് ഗോഡ് പുതുപ്പള്ളി അഗപ്പെ സഭയുടെ തച്ചക്കുന്നിലുള്ള സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
മികച്ച പ്രസംഗകന്‍, പ്രഗത്ഭനായ എഴുത്തുകാരന്‍, വേദാദ്ധ്യാപകന്‍ എന്നീ നിലകളില്‍ അര നൂറ്റാണ്ടിലേറെ പെന്തെക്കോസ്ത് മുന്നേറ്റത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം തന്റെ എഴുത്തുകളിലൂടെ ക്രൈസ്തവ സഭകളിലെ അനാചാരങ്ങള്‍ക്കെതിരെയും പെന്തെക്കോസ്തിലെ ദുരുപദേശങ്ങള്‍ക്കെതിരെയും ശക്തമായി പോരാടി.
1933 ഒക്ടോബര്‍ 20 നു കോട്ടയം ജില്ലയില്‍ ചേലക്കൊമ്പു ഗ്രാമത്തില്‍ പാറക്കല്‍ എന്ന യാക്കോബായ കുടുംബത്തില്‍ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതല്‍ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു.
1958-ല്‍ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു. വൈദീകനായി കോട്ടയം ജില്ലയില്‍ വിവിധ പള്ളികളില്‍ ശുശ്രൂഷിച്ചു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ വിശ്വാസികളെ ബോധവല്‍ക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ചനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഘിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.
കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ല്‍ ഓഗസ്റ്റ് 3 നു മണിമലയാറ്റില്‍ സി.സി മാത്യു എന്ന ജോര്‍ജ് സാറിന്റെ കൈക്കീഴില്‍ വിശ്വാസസ്‌നാനം സ്വീകരിച്ചു. സ്‌നാനമേറ്റെങ്കിലും പൗരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാല്‍ അച്ചന്റെ സ്‌നാന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ സീയോന്‍കാഹളം മാസികയില്‍ അച്ചടിച്ച് വന്നതോടെ സഭ കാനം അച്ചനെ മുടക്കി.
കേരളത്തില്‍ പെന്തെകോസ്ത് സഭകള്‍ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകന്‍ എന്ന നിലയില്‍ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതല്‍ കഴിഞ്ഞ 57 വര്‍ഷമായി അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.
പുതുപ്പള്ളി ചര്‍ച്ച് ഓഫ് ഗോഡ് അഗപ്പെ സഭാംഗമാണ്.
ഭാര്യ: വാഴൂര്‍ ചിറക്കടവ് കൊച്ചുവീട്ടില്‍ ഏലിയാമ്മ ഏബ്രഹാം.
മക്കള്‍: നിര്‍മ്മല (കുറിച്ചി), ബിജു ഏബ്രഹാം (യു എസ് എ), ജിജി മോള്‍ (കൂത്താട്ടുകുളം).
മരുമക്കള്‍: ജേക്കബ് തോമസ്(കുറിച്ചി), ഷൈനി (യുഎസ്), ജോണ്‍സണ്‍ സി. വര്‍ഗീസ് (കൂത്താട്ടുകുളം).




