ഫിലിപ്പ് പി. തോമസ് ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകനായി ചുമതലയേറ്റു

ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിൽ ജനിച്ചു വളർന്ന കരുവാറ്റ ശാലേം സഭാംഗവും മുൻ ഡിസ്ട്രിക്ട് സെക്രട്ടറിയും ലോക്കൽ സഭാ ശുശ്രൂഷകനുമായി വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ച പാസ്റ്റർ ഫിലിപ്പ് പി. തോമസ് ഔദ്യോഗികമായി ഡിസ്ട്രിക്ട് ശുശ്രൂഷകനായി ചുമതലയേറ്റു.

1991-ൽ അഞ്ച് സഭകളും നാല് സുവിശേഷ പ്രവർത്തകരുമായി പാസ്റ്റർ ഏബ്രഹാം ജോർജ് ആരംഭിച്ച ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട്, ദൈവത്തിന്റെ അതുല്യമായ കൃപയാൽ 35 വർഷങ്ങൾ പിന്നിടുമ്പോൾ 55 സഭകളും 75 സുവിശേഷ ശുശ്രൂഷകരുമുള്ള ഐപിസിയിലെ മൂന്നാമത്തെ വലിയ ഡിസ്ട്രിക്ടായി വളർന്നിരിക്കുകയാണ്.

ഈ ചരിത്രപരമായ വളർച്ചയ്ക്ക് പിന്നിൽ പ്രാർത്ഥനയും ത്യാഗവും കഠിനാധ്വാനവും ദൈവാശ്രയവും നിറഞ്ഞ പാസ്റ്റർ ഏബ്രഹാം ജോർജിന്റെ 35 വർഷത്തെ സമർപ്പിത ശുശ്രൂഷയുടെ മഹത്തായ ചരിത്രമുണ്ട്.

ഡിസ്ട്രിക്ടിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകുകയും വളർച്ചയുടെ ഓരോ ഘട്ടത്തിലും നേതൃത്വം നൽകുകയും ചെയ്ത പാസ്റ്റർ ഏബ്രഹാം ജോർജ് 2026 ഒക്ടോബർ 31-ന് തന്റെ ഭൗമിക ശുശ്രൂഷ പൂർത്തിയാക്കി നിത്യതയിലേക്ക് പ്രവേശിച്ചു.

അദ്ദേഹത്തിന്റെ വേർപാട് ഡിസ്ട്രിക്ടിന് മാത്രമല്ല, വിശ്വാസസമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്.

എന്നാൽ, ദൈവം ആരംഭിച്ച പ്രവർത്തനം പുതിയ നേതൃത്വത്തിലൂടെ തുടർന്നുകൊണ്ടേയിരിക്കുന്നു.

ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു ഏബ്രഹാം അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.

കഴിഞ്ഞ 35 വർഷങ്ങൾ ഒരു മനുഷ്യന്റെ നേതൃത്വത്തിന്റെ ചരിത്രം മാത്രമല്ല; ദൈവത്തിന്റെ വിശ്വസ്തതയുടെയും അനേകരുടെ അധ്വാനത്തിന്റെയും കണ്ണീരോടെയുള്ള പ്രാർത്ഥനകളുടെയും സാക്ഷ്യമാണ്.

വാർത്ത: പാസ്റ്റർ മനേഷ് വർഗീസ്