കൊച്ചി: കേന്ദ്ര സർക്കാർ പാർലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ (Delimitation Bill) എതിർക്കണമെന്ന ആഹ്വാനവുമായി എൻസിപി (ശരദ് പവാർ വിഭാഗം) വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ രംഗത്ത്. ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ്, എൻസിപി ഇന്ത്യാ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കണമെന്ന നിലപാടുമായി പി.സി. ചാക്കോ രംഗത്തെത്തിയത്.
വനിതാ സംവരണം എന്ന ലക്ഷ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, മതിയായ കൂടിയാലോചനകളോ സമവായമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ മണ്ഡല പുനർനിർണയം നടപ്പാക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് രാഷ്ട്രീയ സൗകര്യങ്ങള്‍ നോക്കേണ്ട സമയമല്ലെന്നും മറിച്ച് രാഷ്ട്രീയ ബോധ്യങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട നിമിഷമാണെന്നും പി.സി. ചാക്കോ ഓർമ്മിപ്പിച്ചു. നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പാർട്ടി ശക്തമായി എതിർക്കണമെന്നും ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പക്ഷത്ത് എൻസിപി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി നവംബർ 30 മുതല്‍ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാകുന്നത്. നിലവിലുള്ള 543 ലോക്സഭാ സീറ്റുകള്‍ 850 ആയി വർധിപ്പിക്കാനും അതില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യാനുമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്.
ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാൻ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ഏപ്രിലില്‍ ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡിഎംകെ, എൻസിപി (ശരദ് പവാർ വിഭാഗം), വൈഎസ്ആർ കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളുമായി കേന്ദ്ര നേതൃത്വം ചർച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ, എൻസിപി ശരദ് പവാർ വിഭാഗം നേതാവ് ജിതേന്ദ്ര ആവാദ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതും സുപ്രിയ സുലെ ബില്ലിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ബില്ലിന്റെ കരട് പരിശോധിച്ച ശേഷം തിങ്കളാഴ്ച മാത്രമേ അന്തിമ നിലപാട് പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് സുപ്രിയ സുലെ വ്യക്തമാക്കിയിട്ടുള്ളത്.




