–കെ.എൻ റസ്സൽ
ആധുനിക അമേരിക്കയുടെ ചരിത്രം ഇവിടെ തുടങ്ങുന്നു, പ്ലിമത്തിൽ നിന്ന്. തീർത്ഥാടക പിതാക്കന്മാരായ പീഢിതർ, 120 പേർ ഇംഗ്ലണ്ടിൽ നിന്നും പ്രാണരക്ഷാർത്ഥം തുഴഞ്ഞിറങ്ങിയ കടൽത്തീരം. മസാച്ചുസെറ്റ്സ് സ്റ്റേറ്റിൻ്റെ കിഴക്കൻ കടലോരപ്രദേശമായ പ്ലിമത്തിൽ വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിശ്ചലമായി കിടക്കുന്ന കടൽ.
ബോസ്റ്റണിൽ നടന്ന ഐപിസി ഫാമിലി കോൺഫറൻസിന് ശേഷം പ്ലിമത്ത് കാണാൻ ഇറങ്ങിയതാണ് ഐപിസി ഹെബ്രോൻ ശുശ്രൂഷകൻ ഡോ. ബാബു തോമസും സംഘവും. അദ്ദേഹത്തിൻ്റെ ഭാര്യ ഗ്രേസ്, മകൾ ബർണീസ് സഹോദരി രാജമ്മ, സഹോദരപുത്രൻ ജോബി, ഭാര്യ ഡോണ അവരുടെ രണ്ട് മക്കൾ എന്നിവരോടൊപ്പം ലേഖകനായ ഞാനും സംഘാംഗമായി.

2008 ഒക്ടോബർ 24 ന് ഞാനിവിടം സന്ദർശിക്കുകയും അത് ഒരു യാത്രാവിവരണമായി ക്രൈസ്തവചിന്തയിൽ പ്രസിദ്ധീകരിക്കയും ചെയ്തിരുന്നു. ആ ലേഖനം എൻ്റെ ‘യാത്ര’ എന്ന ഗ്രന്ഥത്തിൽ 18-ാം അദ്ധ്യായമായി ചേർത്തിട്ടുണ്ട്. അതുകൊണ്ട് ഈ യാത്രയിൽ ചരിത്രവാശിഷ്ടം തേടിയുള്ള ആവേശമുണ്ടായില്ല.
എന്നാൽ, ആദ്യ യാത്രയിൽ കാണാത്ത ചില ചരിത്രസ്മാരകങ്ങൾ കൂടി കണ്ടപ്പോൾ ആവേശം ഇരട്ടിക്കുകയും ചെയ്തു.

2008 ഒക്ടോബർ 24ന് എന്നെ ഈ സ്ഥലമെല്ലാം കൊണ്ടുനടന്നു കാണിച്ചത് പാസ്റ്റർ സി.എം. ടൈറ്റസ് ആയിരുന്നു. അദ്ദേഹം സ്ഥാപിച്ച് നടത്തിവന്നിരുന്ന ശാരോൻ ചർച്ച് പിന്നീട് മറ്റൊരു സഭയിൽ ലയിക്കുകയും അദ്ദേഹം അറ്റ്ലാൻ്റയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.

വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ കാരണം മകൻ ബോസ്റ്റണിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു എന്നും കേൾക്കുന്നു. ഐപിസി ഫാമിലി കോൺഫറൻസിനിടയിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ആരോഗ്യമുണ്ടായിരുന്ന കാലത്ത് സ്നേഹവാൽസല്യത്തോടെ ഇടപെട്ടവർ, കൂടെ താമസിപ്പിച്ചവർ, ഭക്ഷണം തന്നവർ, വാഹനത്തിൽ കൊണ്ടുനടന്നവർ, സഹായിച്ചവർ എന്നിവരെ ഒരിക്കലും മറക്കാൻ പാടില്ലല്ലോ? ടൈറ്റസ് സാറിനെ കാണാൻ കഴിയാത്തതിൽ ഇത്തിരി വിഷമമുണ്ട്. ഇനി അതിനൊരു സാദ്ധ്യത കാണുന്നുമില്ല.

പറഞ്ഞു വന്നത്, പ്ലിമത്തിൻ്റെ ചരിത്രവാശിഷ്ടം തേടിയുള്ള എൻ്റെ രണ്ടാം യാത്രയെപ്പറ്റിയാണ്. 33 വർഷം അമേരിക്കയിൽ താമസിച്ചിട്ടും ബോസ്റ്റണ് അടുത്തുള്ള ഗോർഡൻ കോൺവെൽ തിയോളജിക്കൽ സെമിനാരിയിൽ ഗവേഷണ പഠനം നടത്തിയിട്ടും തൊട്ടടുത്ത സ്ഥലം നേരത്തെ കാണാൻ കഴിയാത്തതിലെ വിഷമം പാസ്റ്റർ ബാബു തോമസിൻ്റെ വാക്കുകളിൽ നിന്നും ഞാൻ ഗ്രഹിച്ചുകൊണ്ട് നടന്നു.

17-ാം നൂറ്റാണ്ടിലെ റെഡ് ഇന്ത്യൻസ് വില്ലേജ് കാണുകയെന്നതാണ് ആദ്യലക്ഷ്യം. അതിന് മുമ്പ് ഇംഗ്ലീഷുകാർ ഇവിടെ കാൽകുത്തിയ ചരിത്രം കൂടി പറയേണ്ടതുണ്ട്. 1620 ലാണ് ‘തീർത്ഥാടക പിതാക്കന്മാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഒരുസംഘം ‘ചർച്ച് ഓഫ് ഇംഗ്ലണ്ടു’ കാർ പ്ലിമത്തിൽ കാൽകുത്തുന്നത്.
കത്തോലിക്കാ സഭയുമായുമായി ഉണ്ടായ ആശയപരമായ വൈരുദ്ധ്യത്തെത്തുടർന്ന് ‘പള്ളി ഉടമ്പടിപ്രകാരമാണ് ‘ 1559 ൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് രൂപം കൊള്ളുന്നത്.
പ്രൊട്ടസ്റ്റൻ്റ് ഗ്രൂപ്പായ ഇവർക്ക് കത്തോലിക്കാ സഭയിൽ നിന്നും കൊടിയ പീഡകൾ ഏറ്റുവാങ്ങേണ്ടിവന്നു. സ്വതന്ത്രവും വേദപുസ്തകാധിഷ്ഠിതവുയായ ഒരുജീവിതം സ്വപ്നം കണ്ടിരുന്നവരുമായിരുന്നു ഇവർ. തീവ്രമായ ക്രിസ്തീയവിശ്വാസം കാത്തു സൂക്ഷിക്കുന്നവരായിരുന്നു. കത്തോലിക്കാ സഭയിൽ നിന്നും പീഢകൾ വർദ്ധിച്ചപ്പോൾ നിൽക്കക്കള്ളിയില്ലാതാവുകയും ഹോളണ്ടിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി ചരിത്രം സാക്ഷിക്കുന്നു. അവർ അവിടെ ലെയ്ഡനിൽ ഒരു പള്ളി പണിതെങ്കിലും താമസിയാതെ തിരിച്ച് ഇംഗ്ലണ്ടിലേക്ക് തന്നെ പോരേണ്ടിവന്നു. അവരിൽ ഉണ്ടായിരുന്ന തീവ്രമായ ക്രിസ്തുവിശ്വാസവും മറ്റ് രാജ്യങ്ങളിലേക്ക് പോകണമെന്ന കലശലായ ആഗ്രഹവുമാണ് അവരെ പ്ലിമത്തിൽ കൊണ്ടെത്തിച്ചത്.

ഇംഗ്ലണ്ടിൽ നിന്നും ‘മെയ്ഫ്ലവർ ‘ എന്ന കപ്പലിലാണ് പ്ലിമത്തിൽ എത്തിച്ചേർന്നത്. ആ കപ്പലിൻ്റെ മോഡൽ സഞ്ചാരികൾക്കായി അമേരിക്കൻ ടൂറിസം വിഭാഗം പുനർനിർമ്മിച്ചു വച്ചിട്ടുണ്ട്. ഇവർക്ക് പിന്നാലെ ഇംഗ്ലണ്ടിൽ നിന്നും നിരവധി ആളുകൾ അമേരിക്കയിലേക്ക് എത്തിത്തുടങ്ങി. ഇവരെ അമേരിക്കയുടെ യഥാർത്ഥ അവകാശികളായ റെഡ് ഇന്ത്യൻസ് ഉരുളക്കിഴങ്ങ് പുഴുങ്ങി നൽകിയും ടർക്കിക്കോഴികളെ വേവിച്ച് നൽകിയും സന്തോഷപൂർവ്വം സ്വീകരിച്ചു . ഈ ഓർമ്മ നിലനിർത്താനായിട്ടാണ് നവംബർ 24 ‘ THANKS GIVING DAY ‘ ആയി കൊണ്ടാടുന്നത്.
പിന്നെ, കച്ചവടത്തിനായി വന്ന ഇംഗ്ലണ്ടുകാർ തന്നെ അമ്പും വില്ലുമായി നേരിടാൻ നിന്ന റെഡ് ഇന്ത്യൻസിനെ വെടിവെച്ച് വീഴ്ത്തി രാജ്യം പിടിച്ചെടുത്തത് പിൽക്കാല ചരിത്രം. മസാച്ചുസെറ്റ്സ്, റോഡ് ഐലൻഡ്, മെയിൻ, ന്യൂഹാംഷെയർ, ന്യൂയോർക്കിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെല്ലാം ബ്രിട്ടീഷുകാരുടെ അധീനതയിലായി. ഇന്നും ഈ പ്രദേശത്തെ സ്ഥലനാമങ്ങൾ എല്ലാം ഇംഗ്ലണ്ടിലേതാണ്. ഇതിന് സമാനമായ രീതിയിലാണ് ഇന്ത്യയെയും ഇംഗ്ലീഷുകാർ പിടിച്ചെടുത്തത്.

പറഞ്ഞുവന്നത് 17-ാ നൂറ്റാണ്ടിലെ തദ്ദേശവാസികളുടെ ജീവിതത്തെപ്പറ്റിയാണ്. അന്നത്തെ ഗ്രാമം പുനർസൃഷ്ടിച്ചിരിക്കുകയാണ് പ്ലിമത്ത് ടൗണിനോട് ചേർന്നുള്ള ചെറുകുന്നിൻ പുറത്ത്. ദേവദാരു മരത്തിൻ്റെ തൊലി ഉരിച്ചെടുത്ത് പരത്തിയാണ് മേൽക്കൂര പണിതിരിക്കുന്നത്. അണ്ഡാകൃതിയിലുള്ള കുടിലുകളാണിവ. കാണാൻ ചന്തമുണ്ട്. അകത്തെ നീളമുള്ള കിടക്കകളിൽ മൃഗങ്ങളുടെ തോൽവിരിച്ചിട്ടുണ്ട്. കല്ലുകൂട്ടി ചേർത്തുവച്ച അടുപ്പുകളും കാണാം.

അതുകഴിയുമ്പോൾ ഇംഗ്ലീഷ്കാരുടെ കുറെകൂടെ ആധുനികത തുളുമ്പുന്ന മറ്റൊരു ഗ്രാമവും കാണാം. അത് തടികൊണ്ടും കല്ലുകൊണ്ടും പുല്ലുകൊണ്ടും പണിതിരിക്കുന്ന വീടുകളാണ്. അതിനകത്ത് തീകായാനുള്ള അടുപ്പുകളും പണിതിട്ടുണ്ട്. പുകപോകാൻ വീടിനു മുകളിൽ പലക കൊണ്ട് പൊക്കി പണിതിരിക്കുന്ന ചതുരാകൃതിയിലുള്ള പുകവാഹിനികളും കാണാം. അതിൻ്റെ ഓർമ്മയ്ക്കായിട്ടാണ്, വൈദ്യുതി ഉപയോഗിച്ചുള്ള ആധുനിക താപപ്രസരണ സംവിധാനം ഉണ്ടായിട്ടും പഴമയുടെ ചാതുര്യം നിലനിർത്താൻ കെട്ടിടങ്ങളിൽ ‘ പുകക്കുഴലും അടുപ്പും ഇപ്പോഴും പണിതുവയ്ക്കുന്നത്.

മൂന്നാറിൽ വെള്ളക്കാർ പത്തൊൻപതാം നൂറ്റാണ്ടിൽ പണിത കെട്ടിടങ്ങളിലും തണുപ്പിനെ അതിജീവിക്കാൻ തീകായാനുള്ള അടുപ്പുകൾ ഉണ്ട്. ഇപ്പോൾ താമസിക്കുന്നവരും അത് ഉപയോഗിക്കുന്നുണ്ട്.

എൻ്റെ ഭാര്യ ഓമന 1985-87 വരെ മൂന്നാറിൽ അദ്ധ്യാപികയായി ജോലി നോക്കുന്ന കാലത്ത് ആ വീട്ടിലുള്ളവർ ഒരുമിച്ച് കൂടിയിരുന്നു തീകായുക പതിവായിരുന്നു. ഇന്ത്യൻസിൻ്റെ വീടുകളിൽ കിടക്കകൾ, പണിയായുധങ്ങൾ, പാത്രങ്ങൾ, യുദ്ധോപകരണങ്ങൾ , പടച്ചട്ടകൾ ഒക്കെ ‘ കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള വേഷമണിഞ്ഞു നിൽക്കുന്നു യുവതികളും യുവാക്കളും. ലക്ഷ്യം ടൂറിസ്റ്റുകളെ ആകർഷിക്കുക എന്നത് മാത്രം.
ഇവിടെയൊന്നും ഈ ദേശത്തിൻ്റെ യഥാർത്ഥ അവകാശികളെക്കുറിച്ച് സന്ദർശകർക്ക് അറിവ് പകരുന്ന യാതൊന്നും തന്നെയില്ല എന്നതിൽ ഞങ്ങൾക്ക് അതിശയം തോന്നി.
മൂന്നുനൂറ്റാണ്ടപ്പുറത്തെ സായിപ്പിൻ്റെ ജീവിതത്തിൻ്റെ ചരിത്രാവശിഷ്ടങ്ങൾ കണ്ട് കുന്നിറങ്ങി. ചിലർ പിൽഗ്രിം ഫാദേഴ്സ് വന്ന കപ്പലിനകവും അവർ കാൽകുത്തിയ പാറയും പോയികണ്ടു. എല്ലാറ്റിനും കാര്യമായ ഫീസും ഈടാക്കുന്നുണ്ട്. ഇതിനിടയിൽ ഒരുകാര്യം കൂടി പറയേണ്ടതുണ്ട് . പിൽഗ്രിം ഫാദേഴ്സ് വന്നിറങ്ങിയ 1620 മുതലുള്ള ചരിത്രമാണ് നാം പറയുന്നതെങ്കിലും 1607-ൽ ധനികരായ ലണ്ടനിലെ കച്ചവടക്കാർ ‘ലണ്ടൻ കമ്പനി’ എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു കൊണ്ട്, 120 പേർ അടങ്ങുന്ന ഒരു സംഘം മൂന്ന് കപ്പലുകളിലായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇതിൽ 104 വെർജീനിയയിൽ എത്തിച്ചേർന്നു. അവിടെ സ്വർണ്ണമുള്ള നാടാണ് എന്ന പ്രചരണമാണ് അവരെ വെർജീനിയയിലേക്ക് നയിച്ചത്. അതോടെ അവരുടെ ഒരു കോളനി അവിടെ സ്ഥാപിക്കപ്പെട്ടു എന്നതും ചരിത്രത്തിൻ്റെ ഭാഗമാണ്.
കടൽത്തീരം മുഴുവൻ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. നിശ്ചലമായി കായൽപ്പരപ്പുപോലെ നീലിമയാർന്ന് പരന്നുകിടക്കുന്നു അറ്റ്ലാന്റിക് മഹാസമുദ്രം.
അമേരിക്കയുടെ ചരിത്രത്തെ മാറ്റിമറിച്ച യാനസഞ്ചാരങ്ങൾക്ക് സാക്ഷിയായ കടൽപ്പരപ്പ്. ബാബു തോമസ് കാർ പായിക്കുമ്പോഴും എൻ്റെ ബാല്യകാലം ഓർത്തു ഞാൻ നെടുവീർപ്പിട്ടു പോയി. ഒപ്പം, സ്വന്തം വീട്ടിൽ നിന്നും അടിച്ചിറക്കപ്പെട്ട ഒരു ജനസമൂഹത്തിൻ്റെ നെടുവീർപ്പിൻ്റെ ശബ്ദവും എനിക്ക് കേൾക്കാമെന്നൊരു തോന്നൽ.




