റാസല്‍ഖൈമ വാഹനാപകടം; മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു, ആകെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു.

കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തലശേരി സ്വദേശിനി സങ്കീർത്തന സുരേഷിന്റെ (26) മൃതദേഹം ഇന്ന് രാവിലെ തിരിച്ചറിഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ മരണപ്പെട്ട 13പേരില്‍ 11ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. റാസല്‍ഖൈമയില്‍ ഇന്നലെ പുലർച്ചെ തെക്കൻ മേഖലയിലെ അല്‍ വതൻ റോഡിലുണ്ടായ അപകടത്തില്‍പെട്ട് 13പേർ മരിക്കുകയും 14പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പരിക്കേറ്റവർ റാസല്‍ഖൈമയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒമാനില്‍ സന്ദർശക വിസ പുതുക്കാൻ എത്തിയവരാണ് ബസിലുണ്ടായിരുന്നത്. 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയില്‍വച്ചും മരിച്ചു. ബസില്‍ 41 പേരായിരുന്നു യാത്ര ചെയ്‌തിരുന്നത്. തകരാറിനെ തുടർന്ന് വഴിയരികില്‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.