പാലക്കാട്: പാലക്കാട് പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ തോക്കു കൊണ്ടുവന്ന വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി ചോദിച്ചറിയുകയാണ്. സ്കൂളിൽ എന്തിന് തോക്ക് കൊണ്ടുവന്നു എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സഹപാഠികളെ കാണിക്കാൻ കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ, പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിയുണ്ട വിദ്യാർഥിയുടെ ശരീരത്തിൽ തുളഞ്ഞുകയറിയതായാണ് വിവരം. ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
രാവിലെ 11 മണിയോടെ രണ്ടാം പിരീഡിലാണ് ക്ലാസ് മുറിയിൽ വെടി പൊട്ടിയത്. വിദ്യാർഥിയുടെ മുത്തച്ഛൻ കാലങ്ങളായി ഉപയോഗിക്കുന്ന നാടൻ തോക്ക് സഹപാഠിയെ കാണിക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. ക്ലാസ് മുറിയിൽവെച്ച് ഇരുവരും തമ്മിൽ യാതൊരുവിധ തർക്കങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ല. തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.
തോക്കിൽനിന്ന് തുടർച്ചയായി മൂന്ന് തവണ വെടി പൊട്ടിയതായാണ് വിവരം. ആദ്യത്തെ വെടിയുണ്ട ക്ലാസ് മുറിയിലെ നിലത്താണ് കൊണ്ടത്. രണ്ടാമത്തെ തവണ വെടിയുണ്ട വിദ്യാർഥിയുടെ ശരീരത്തിന് തൊട്ടരികിലൂടെ കടന്നുപോയി. മൂന്നാമത്തെ തവണ പൊട്ടിയ വെടിയുണ്ടയാണ് വിദ്യാർഥിയുടെ ശരീരത്തിൽ തുളഞ്ഞുകയറിയത്.
ക്ലാസ് മുറിയിൽനിന്ന് വലിയ വെടിയൊച്ച കേട്ടതോടെ അധ്യാപകർ ഉടൻതന്നെ ഓടിയെത്തി കുട്ടിയുടെ കയ്യിൽനിന്ന് തോക്ക് പിടിച്ചെടുത്തു. പരിക്കേറ്റ വിദ്യാർഥിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകർ തന്നെയാണ് കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ തോക്ക് കൊണ്ടുവന്ന വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഈ അധ്യയന വർഷമാണ് കുട്ടി ഈ സ്കൂളിൽ ചേർന്നത്. മുൻപും കുട്ടി സ്കൂളിലേക്ക് തോക്ക് കൊണ്ടുവന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.




