പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ അയ്യപ്പഭക്തിഗാനം; നിര്‍ത്താന്‍ ആവശ്യപ്പെട്ടയാളെ ഇറക്കിവിട്ട് നാട്ടുകാരും പള്ളിക്കമ്മിറ്റിയും

പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ പാടിയ അയ്യപ്പഭക്തിഗാനം നിര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ടു പള്ളിക്കമ്മിറ്റി.

കോട്ടയം കിഴയാര്‍ പള്ളിയിലാണ് സംഭവം. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള കിടിലന്‍ മറുപടിയെന്ന നിലയില്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ്. അരുണ്‍ കൃഷ്ണ എന്നയാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

‘വേദിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകന്‍. ഇതിനിടെ ഒരാള്‍ വേദിയിലേക്ക് കയറി ഗായകനെ തടയുകയും ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഉടന്‍ സദസ്സില്‍ നിന്നും കൂകിവിളിക്കുകയായിരുന്നു.

പാട്ട് തടസ്സപ്പെടുത്തിയയാള്‍ ഈ നാട്ടുകാരന്‍ അല്ലെന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെ വേദിയില്‍ കയറിയവര്‍ ഇയാളെ വേദിയില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ശേഷം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട് അടക്കം അഞ്ച് ഗാനങ്ങള്‍ വേദിയില്‍ പാടി.