ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പ് ദൗത്യം ഊര്‍ജ്ജിതം; മേഖലയില്‍ നിരോധനാജ്ഞ

ഇടുക്കി: ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള വനംവകുപ്പ് ദൗത്യം ഇന്ന് മുതല്‍ ഊർജ്ജിതമാകും.

ദൗത്യത്തിനായി വയനാട്ടില്‍ നിന്നുള്ള വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും 20 അംഗ ദൗത്യസംഘവും ചിന്നക്കനാലില്‍ എത്തിച്ചേർന്നു. വനംവകുപ്പിന്റെ നിരവധി നിർണ്ണായക ദൗത്യങ്ങളില്‍ പങ്കെടുത്ത് പരിചയമുള്ള കുങ്കിയാനകളാണിവ.

കുങ്കിയാനകള്‍ ഇന്ന് മേഖലയില്‍ പട്രോളിംഗ് നടത്തും. ആനയെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാനായാല്‍ നവംബർ 25 ബുധനാഴ്ചയോ നവംബർ 26 വ്യാഴാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ദൗത്യത്തിന്റെ ഭാഗമായി സുരക്ഷാ മുൻകരുതലിനായി നാളെ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതിനും കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ഇന്നലെയും ചക്കക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പകല്‍ മുഴുവൻ ആന ജനവാസ മേഖലയ്ക്ക് സമീപം തന്നെ നിലയുറപ്പിച്ചിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ ചിന്നക്കനാലില്‍ തന്നെ തുറന്നുവിടാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാണ്. ഇതില്‍ പ്രതിഷേധിച്ച്‌ സി.പി.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ ചിന്നക്കനാലില്‍ റോഡ് ഉപരോധിച്ചു.