ജലയാനത്തിൽ ഒത്തുചേർന്നു, ആവേശമായി ക്രൈസ്തവ എഴുത്തുകാരുടെ കുടുംബസംഗമം

കോട്ടയം: ചിരിച്ചും ചിന്തിച്ചും പാടിയും ചർച്ച ചെയ്തും അനുഭവങ്ങൾ പങ്കുവെച്ചും ക്രൈസ്തവ എഴുത്തുകാരും മാധ്യമപ്രവർത്തകരും നടത്തിയ കുടുംബസംഗമം അവിസ്മരണീയമായി. നവംബർ 21ന് കുമരകത്തുനിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ബോട്ട് യാത്രയും അനുബന്ധ പരിപാടികളും നവ്യാനുഭവം പകർന്നു.

ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷനാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് റവ. പി.ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ നേതൃത്വം നൽകി.

സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡുകൾ മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ്, ശാരോൻ ഫെല്ലോഷിപ്പ് റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് പാസ്റ്റർ സാം ടി. മുഖത്തല എന്നിവർ സമ്മാനിച്ചു.

എബി മാത്യു യുഎഇ (മികച്ച ലേഖനം), ഡോ. കുഞ്ഞുമോൻ പോത്തൻകോട് (മികച്ച ഫീച്ചർ), ആഷേർ മാത്യു കാനഡ (മികച്ച ഓൺലൈൻ രചന) എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്.
ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവൂക്കാരൻ, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ. തോമസ്, ശാരോൻ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് എന്നിവർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.

‘കേരള പെന്തെക്കോസ്ത്: വേരുകൾ, വർത്തമാനം, ദർശനം’ എന്ന വിഷയത്തിൽ നടന്ന ചർച്ച ശ്രദ്ധേയമായി. ക്രൈസ്തവ ബോധി പ്രസിഡന്റ് ഷാജൻ ജോൺ ഇടയ്ക്കാട് മോഡറേറ്ററായിരുന്നു. ഫിന്നി കാഞ്ഞങ്ങാട്, ജോജി ഐപ്പ് മാത്യൂസ്, ഫിന്നി പി. മാത്യു, പി.എസ്. ചെറിയാൻ, പി.സി. ഗ്ലെന്നി, സാം കൊണ്ടാഴി, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർമാരായ ഫിന്നി ജോർജ്, മുളവന മോഹൻദാസ്, സാംകുട്ടി ചാക്കോ, സാം ടി. മുഖത്തല, ജെ. ജോസഫ്, അച്ചൻകുഞ്ഞ് ഇലന്തൂർ, അനീഷ് കൊല്ലംകോട്, ഡോ. ജെയിംസ് ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പി.എസ്. ചെറിയാൻ രചിച്ച മൂന്ന് പുസ്തകങ്ങൾ
(ജെൻസി വൈബും നിർമ്മിത ബുദ്ധിയും, ജീവിതം പകുത്തു നൽകുന്നവർ, കേരള ക്രൈസ്തവ സഭ: ചരിത്രവഴികളും സംസ്കാരവും)

ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് വെണ്മണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പാസ്റ്റർ പോൾ മാള രചിച്ച ലഘുലേഖകളുടെ പ്രകാശനം സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു, പാസ്റ്റർ ഫിന്നി ജോർജ് പുനലൂർ എന്നിവർ നിർവഹിച്ചു.

പാസ്റ്റർ കെ.ജെ ജോബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ലിഷ കാതേട്ട്, മെർലിൻ ഷിബു, സാറാ ജോജി എന്നിവർ ഗാനങ്ങൾ ആലപിച്ചു. സൗഹൃദവും സാഹിത്യവും ആത്മീയ കൂട്ടായ്മയും സമന്വയിച്ച കുടുംബസംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.