മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 17 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ കെമെറോവോ മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യാഗുനോവോ ഗ്രാമത്തിന് സമീപം ഒരു വയലിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്റോനോവ് An-12 വിഭാഗത്തിൽ പെട്ട സൈനിക ചരക്ക് വിമാനമാണ് അപകടത്തിൽ പെട്ടത്.
സൈബീരിയയിലെ നോവോസിബിർസ്കിൽ നിന്ന് സൈബീരിയയിലെ തന്നെ കാൻസ്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിമാനം. ഇതിനിടെയാണ് യാഗുനോവോ ഗ്രാമത്തിന് സമീപം തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ അപകടസ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നും റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കെമെറോവോ മേഖലാ ഗവർണർ ഇല്യ സെറെദ്യുക്കാണ് യാഗുനോവോ ഗ്രാമത്തിന് സമീപം വിമാനാപകടമുണ്ടായ വിവരം പുറത്തുവിട്ടത്. റഷ്യയിലെ മെസേജിങ് പ്ലാറ്റ്ഫോമായ മാക്സിലെ തന്റെ ഔദ്യോഗിക ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്തിന്റെ പേര് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചില്ല. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




