പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കതിര് ഉടമസ്ഥന് പ്രതീക്ഷ കൈമാറുന്നു. ഇത് ഒരു കാത്തിരിപ്പിൻ്റെ അന്ത്യമാണ്. സ്വപ്നങ്ങൾ പൂവണിയുമ്പോൾ ഹൃദയം സന്തോഷിക്കുന്ന നിമിഷങ്ങൾ ആനന്ദകരമാണ്. വളരെ പ്രതീക്ഷയോടെ ഉടമസ്ഥൻ ഇപ്പോൾ അടുത്തേക്ക് നടന്നുവരികയാണ്. കതിരിന് ഭംഗിയുണ്ട് ആകർഷിക്കത്തക്ക സൗന്ദര്യം ഉണ്ട്.
അടുത്ത് വരുമ്പോൾ വെറും പൊള്ളയായ ശൂന്യതയാണ് കാണുന്നതെങ്കിൽ ഉടമസ്ഥൻ ദുഖിക്കും. സഭ സമുദ്രമല്ല തോട്ടമാണ്. ഇവിടെ പതിരല്ല കാണേണ്ടത് ഫലമാണ് കാണേണ്ടത്. ഒന്ന് ചിന്തിക്കൂ! ഇന്ന് നമുക്ക് മുഴക്കം ഉണ്ട് മൂർച്ചയില്ല. അനുകരണങ്ങൾ വർദ്ധിച്ചു അനുഭവങ്ങൾ കുറഞ്ഞു. പ്രസിദ്ധി വർദ്ധിച്ചു പ്രമാണം പുറത്തായി. എണ്ണം കൂടി എണ്ണ കുറഞ്ഞു. പേര് ഉണ്ട് പരിശുദ്ധാത്മാവ് ഇല്ല. അഴകുണ്ട് അനുസരണം ഇല്ല. ഫലമില്ല ഫലിതമുണ്ട്. മാരി ഉണ്ട് മനുഷ്യത്വം നഷ്ടപ്പെട്ടു.
ഇങ്ങനെ ലോകത്തിൻ്റെ കൂത്തുകാഴ്ചയായി മാറിയപ്പോൾ പെന്തക്കോസ്ത് വെറും പൊള്ളയായ പതിരായി മാറി. കാലം പോയ പോക്ക് എങ്ങനെ എന്ന് ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ഞാനോ കുറയണം അവൻ വളരണം ഇതായിരുന്നു യോഹന്നാൻ വിളിച്ചു പറഞ്ഞത്. സുവിശേഷ ലോകത്തിലെ ഇന്നയുടെ മനോഭാവങ്ങൾ ലജ്ജിപ്പിക്കുന്നതാണ്. ഞാനെന്ന ഭാവവും തലക്കനവും മുഴച്ചു നിൽക്കുന്നതുകൊണ്ട് അല്പം താഴുവാൻ ആരും തയ്യാറല്ല.
ഇതുകൊണ്ടത്രേ വെല്ലുവിളിയും ലൂസിഫർ മനോഭാവവും ഉയർന്ന് പൊങ്ങുന്നത്. അങ്ങനെ വെള്ളമില്ലാത്ത മേഘങ്ങൾ ആയി പെന്തക്കോസ്ത് മാറിയപ്പോൾ കാറ്റിനാൽ ഉലയുന്ന ഓട പോലെ ഗോതമ്പുമണി ഇല്ലാത്ത പതിരായി മാറി.
ദരിദ്രനായി തീർന്ന യേശുവിനെ പ്രസംഗിക്കുവാൻ യേശുവിൻ്റെ പേരിൽ കോടികൾ കൂട്ടി വെക്കുന്നു. എന്നിട്ട് യേശു നമ്മുടെ സ്വന്തം എന്ന തോന്നലിൽ മറ്റുള്ളവരെ പുച്ഛ മനോഭാവത്തോടെ കാണുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ ഓർത്തു കൊള്ളണം ഇത് വെറും പൊള്ളത്തരം. ആട്ടവും പാട്ടും കൊണ്ട് കൊഴുപ്പ് കൂട്ടിയാൽ കർത്താവ് കടന്നു വരില്ല. അവൻ തിരയുന്നത് അനുതാപമുള്ള ഹൃദയങ്ങളെയും അനുസരിക്കുന്ന ജീവിതങ്ങളെയും അത്രേ.. പരിശുദ്ധാത്മാവിൽ ആരംഭം കുറിച്ച് പെന്തക്കോസ് ഇപ്പോൾ വെറും ശക്തി നഷ്ടപ്പെട്ട ശിംശോനെപോലെ പതിരായി ആടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരിക്കൽ ലോകം വേണ്ട എന്ന് പറഞ്ഞവർ ഇപ്പോൾ ലോകത്തെ പുണരുകയാണ്. നമ്മുടെ ആലയങ്ങൾ പ്രാർത്ഥനാ ആലയങ്ങളോ അതോ വെറുമൊരു പ്രോഗ്രാം നടക്കുന്ന ഇടങ്ങളായി മാറിപ്പോയോ എന്ന് ഓർക്കുന്നതും നന്നായിരിക്കും.
ഇപ്പോൾ ആലയത്തിലെ പുഷ്ടി അനുഭവിച്ച് തൃപ്തി പ്രാപിക്കുന്നവരുടെ എണ്ണം കുറയുന്നു (സങ്കീർ 36.8) ആലയത്തിലെ കോലാഹലങ്ങൾ കണ്ട് മനം മടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. വചനം ഇല്ലാത്ത വീമ്പും പരിശുദ്ധാത്മാവില്ലത്ത പ്രവർത്തികളും കണ്ട് ഹൃദയം തകരുന്നവരുടെ എണ്ണം അങ്ങനെ മേൽക്കുമേൽ വർദ്ധിക്കുന്നു. ശിംശോൻ്റെ ജഡവും ശീമോൻ പത്രോസിൻ്റെ അഭിഷേകവും തമ്മിൽ ബന്ധിപ്പിക്കരുതേ.
എനിക്കറിയാം ഞാൻ പഠിച്ചിട്ടുണ്ട് ഇവൻ ആര്? എന്ന മനോഭാവം ലവോദിക്ക്യ സഭയുടെ മനോഭാവമാണ്. ഞാൻ എന്നുള്ള ഭാവവും ക്രിസ്തുയേശുവിലുള്ള ഭാവവും തമ്മിൽ ഒരു പൊരുത്തവുമില്ല. സമുദ്രം എല്ലാ മാലിന്യങ്ങളും ആഴത്തിലേക്ക് വലിച്ചിഴച്ച് നിക്ഷേപിക്കുന്നത് പോലെ കയ്യിൽ കിട്ടുന്നതെല്ലാം വാരി തിരുകി വെച്ചിട്ട് സഭ എന്ന് അതിന് പേര് കൊടുത്താൽ അത് സഭയല്ല സമൂഹമാണ് മാലിന്യ കൂമ്പാരമാണ്. സഭയുടെ ഉടമസ്ഥൻ അന്വേഷിക്കുന്നത് നിറവുള്ള കതിരുകൾ ആണ്. അഴകും ആൾക്കൂട്ടവും വെറും പതിരും പൊള്ളയും ആണ്. ഇത് കണ്ട് മയങ്ങി പോകരുത്
വീണു പോകരുത്.
മുപ്പിരിച്ചരട് പ്രസംഗ വിഷയമാക്കുവാൻ പ്രയാസമില്ല എന്നാൽ മൂന്നുപേർ ഒരുമിച്ച് ഒരു തീരുമാനത്തിലെത്തുവാൻ നമുക്ക് കഴിയാതെ വരുന്നു. അങ്ങനെ നാം സോഷ്യൽ മീഡിയകളിലും സമൂഹത്തിലും വെറും കഴമ്പില്ലാത്ത ശേഷം മനുഷ്യരെ പോലെ മാറ്റപ്പെടുകയാണ്. ഇവിടെയാണ് സത്യം വെളിപ്പെടുന്നത്. പതിർ വഞ്ചിക്കും യജമാനനെ കബളിപ്പിക്കും എന്നാൽ ഓർക്കുക ഒരു ദിവസം പതിർ പിടിക്കപ്പെടും.
കൈ മിടുക്കും കൈക്കൊരുത്തും കൊണ്ട് ചിലതൊക്കെ തട്ടിക്കൂട്ടുവാൻ ഇഹ ലോകത്തിൽ കഴിഞ്ഞാലും പര ലോകത്തിൽ അതു വെറും പൊള്ളയും പതിരുമാണ്.
ഇന്നുള്ള സുവിശേഷ ലോകത്തിലെ പരാക്രമങ്ങളും പ്രഹസനങ്ങളും നമ്മെ എവിടാണ് എത്തിക്കുന്നത്? ആദർശങ്ങൾ അശുദ്ധിക്ക് വഴി മാറി. അനുകമ്പ എന്നത് അകലത്തെങ്ങോ ഉള്ള കിട്ടാത്ത സാധനം ആയി മാറി കഴിഞ്ഞു. എന്തൊരു പര്യതപകരം? പതിര് തല പൊക്കുവാൻ തുടങ്ങിയപ്പോൾ പ്രവർത്തികൾ കുറഞ്ഞു പ്രസംഗങ്ങൾ വർദ്ധിച്ചു. വിധേയത്വം നഷ്ടപ്പെട്ടു വിമർശനം വർദ്ധിച്ചു. വരുമാനം കൂടി വിശുദ്ധി നഷ്ടപ്പെട്ടു. വചനം കുറഞ്ഞു വാക്കുകളുടെ പെരുപ്പം വർദ്ധിച്ചു. വിമാന യാത്ര തലങ്ങും വിലങ്ങും വർദ്ധിച്ചു വിയോജിപ്പ് തല ഉയർത്തി. കഴമ്പില്ലാത്ത ചാട്ടവും ഓട്ടവും കണ്ട് ലോകം പരിഹസിക്കുകയാണ്പതിര്.
പെറുക്കുവാൻ അല്ല യജമാനൻ കടന്നുവരുന്നത് പതിര് പാറ്റി കളയും ഗോതമ്പ് കളപുരയിൽ കൂട്ടി വെക്കും. സമയം സമാഗതമാകുന്നു പതിര് മാറട്ടെ പരിവർത്തനം സംഭവിക്കട്ടെ.



