ഹോർമുസിൽ എൽ.പി.ജി കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി

മസ്കത്ത്: ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള ‘താര ഗ്യാസ്’ എന്ന ദ്രവീകൃത വാതക കപ്പലിലുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി ഒമാനിലെ ഖസബിൽ കരയ്ക്കെത്തിച്ചു. കാണാതായ ആൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിൽ അപകടം റിപ്പോർട്ട് ചെയ്തത്. 24 ഇന്ത്യൻ പൗരന്മാരുൾപ്പെടെ ആകെ 25 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 23 ഇന്ത്യക്കാരും ഒരു വിദേശ പൗരനുമാണ് രക്ഷപ്പെട്ടത്.

കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജീവനക്കാരെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന നിരന്തരമായ പിന്തുണയ്ക്കും സഹായത്തിനും എംബസി നന്ദി അറിയിച്ചു.