‘പിണറായിയും ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ല’; പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ കോടിയേരിയുടെ ഭാര്യാ സഹോദരൻ

തിരുവനന്തപുരം: കോടയേരി ബാലകൃഷ്‌ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച ശേഷമാണ് അദ്ദേഹം പാർട്ടിവിട്ടത്.

പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്‌ട്രീസ് എംഡി ആയിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടിയില്‍ പിണറായിസം മാത്രമാണ് നിലനില്‍ക്കുന്നതെന്ന് വിനയകുമാർ തുറന്നുപറഞ്ഞു.

‘പാർട്ടി വ്യക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറി. പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ച്‌ നേതാക്കന്മാർ മാത്രമായി പാർട്ടി. പിണറായിയുടെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും നിറവേറ്റുക, മകള്‍ക്കെതിരായി വരുന്ന കേസുകളോ മറ്റ് പ്രശ്‌നങ്ങളോ പ്രതിരോധിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പാർട്ടി രീതി. സംഘടനാപരമായ കാര്യങ്ങളൊന്നും ആരുടെയും മനസിലില്ല. പുതിയ സെക്രട്ടറിയെപ്പറ്റി ഒന്നും പറയാനില്ല. പാർട്ടിയുടെ ഏതൊക്കെ നേതാക്കള്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാല്‍ നല്ലത്.

പാർട്ടി ചരിത്രത്തിലില്ലാത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും നേതൃത്വം സ്വയം തിരുത്താൻ തയ്യാറാകുന്നില്ല. ഇത് തിരുത്താൻ വേണ്ടി കൂടിയ സംസ്ഥാന കമ്മിറ്റിയില്‍ ഗോവിന്ദൻ പ്രസംഗിച്ചത് താനും പിണറായിയോ മാറുന്നില്ല എന്നാണ്. വീഴ്‌ചകള്‍ അണിയുടെ തലയില്‍ കെട്ടിവയ്‌ക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയില്‍ അടിമയായി തുടരുന്നതില്‍ അർത്ഥമില്ല. നേതൃത്വത്തിന് സ്‌തുതി പാടുന്നവർക്ക് മാത്രമാണ് നിലവില്‍ പരിഗണന ലഭിക്കുന്നത്. എം വി ഗോവിന്ദനും പിണറായി വിജയനും മാറാതെ സിപിഎമ്മിന് രക്ഷയില്ല’ – വിനയകുമാർ പറഞ്ഞു.

2023ല്‍ ട്രിവാൻഡ്രം ക്ലബില്‍ പണംവച്ച്‌ ചീട്ടുകളിച്ചതിന് വിനയകുമാർ അടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ പദവി ഒഴിയേണ്ടിവന്നു. കഴിഞ്ഞ കുറച്ചുകാലമായി കോടിയേരി ബാലകൃഷ്‌ണന്റെ കുടുംബത്തോടും മകൻ ബിനീഷ് കോടിയേരിയോടും പാർട്ടി നേതൃത്വം അവഗണന കാണിക്കുന്നതായി ചില കോണുകളില്‍ നിന്ന് വിമർശനങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെയാണ് എസ്‌ ആർ വിനയകുമാർ പാർട്ടി വിട്ടത്.