ബഹ്റൈനില്‍ വീണ്ടും ഇറാന്‍റെ ഡ്രോണ്‍ ആക്രമണം; അതീവ ജാഗ്രതാ നിര്‍ദേശം

മനാമ: ബഹ്റൈനില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച രാവിലെ വിവിധയിടങ്ങളിലായി രണ്ടുതവണ ആക്രമണം നടന്നതായാണ് റിപ്പോർട്ടുകള്‍.

നേരത്തെ, ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും റഡാർ സംവിധാനങ്ങള്‍ക്കും നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

തെക്കൻ ഇറാനിലെ സിറിക്കിലുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ അവകാശപ്പെടുകയും ചെയ്തു. ബഹ്റൈനിലെ അല്‍-രിഫാ ഹെലികോപ്റ്റർ ബേസിലെ യുഎസ് വ്യോമ പ്രതിരോധ റഡാറും, അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനവുമായ മേഖലകളും ലക്ഷ്യമാക്കിയാണ് ഡ്രോണുകള്‍ അയച്ചതെന്നും ഐആർജിസി അറിയിച്ചിരുന്നു.

അതേസമയം, മുൻകരുതല്‍ നടപടികളുടെ ഭാഗമായി ബഹ്റൈനില്‍ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പൗരന്മാരോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.