ഹരിത വ്യോമയാന രംഗത്ത് വൻ മുന്നേറ്റവുമായി ചൈന. ചൈനീസ് വിമാന നിർമാണ കമ്പനിയായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) തദ്ദേശീയമായി വികസിപ്പിച്ച CE-25A ഇലക്ട്രിക് വിമാനത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിലായിരുന്നു പരീക്ഷണപ്പറക്കൽ.
നവംബർ 14 ശനിയാഴ്ചയാണ് പരീക്ഷണപ്പറക്കൽ നടന്നതെന്ന് ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിസിടിവി റിപ്പോർട്ട് ചെയ്തു. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമാണ് പരീക്ഷണത്തിന്റെ ഭാഗമായത്.
ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ട പരീക്ഷണത്തിനിടെ വിമാനം 16 മിനിറ്റിലധികം ആകാശത്ത് ചെലവഴിച്ചു. ഈ സമയത്തിനിടെ 60.4 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. വിമാനത്തിന്റെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചതായും പ്രതീക്ഷിച്ച രീതിയിൽ തന്നെ വിമാനം പ്രതികരിച്ചതായും എൻജിനീയർമാർ അറിയിച്ചു.
മുമ്പ് മാസങ്ങളോളം വിമാനത്തിന്റെ ആളില്ലാ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് CE-25A ആദ്യമായി സ്വയം നിയന്ത്രിതമായി പറന്നത്. മനുഷ്യരെ വിമാനത്തിൽ കയറ്റുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് 19 ആളില്ലാ പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയിരുന്നു.
COMAC, പ്രമുഖ ബാറ്ററി നിർമാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ഈ പദ്ധതി.
വിമാനത്തിന്റെ ടൈപ്പ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ ചൈനയുടെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (CAAC) ഔദ്യോഗികമായി സ്വീകരിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ യാത്രാവിമാനങ്ങൾ സർവീസ് നടത്തുന്നതിന് മുമ്പ് നിർബന്ധമായും നേടേണ്ട നിയന്ത്രണാനുമതിയാണ് ടൈപ്പ് സർട്ടിഫിക്കറ്റ്.
ഇന്റർസിറ്റി സർവീസുകൾ ലക്ഷ്യമിട്ടാണ് COMAC ഈ വിമാനം വികസിപ്പിച്ചത്. 19 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിമാനത്തിന് പരമാവധി 10 ടൺ ടേക്ക് ഓഫ് ഭാരം വഹിക്കാനാകും.
മണിക്കൂറിൽ 300 കിലോമീറ്ററാണ് വിമാനത്തിന്റെ ക്രൂയിസിങ് വേഗം. 2,400 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള വിമാനത്തിന് ഒറ്റത്തവണ ചാർജിങ്ങിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് റിപ്പോർട്ട്.




