മനമേ വ്യാകുലം അരുതേ…!!

ഷാജി ആലുവിള
9846473400

കാർമേഘ കലുഷിതമായ ജീവിതത്തിൽ കാഠിന്യമേറിയ അന്ധകാര മേഖലകളെ തരണം ചെയ്യേണ്ടതായി വരുമ്പോൾ അത്യുന്നതന്റെ കരം ചിലപ്പോൾ അപ്രത്യക്ഷമായോ എന്ന് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ കൈവിടുകയില്ല.

നാം കാർമേഘങ്ങളെ കണ്ടു ഭ്രമിക്കുമ്പോൾ ദൈവം അതിനുള്ളിൽ മഴവില്ലിനെ കാണുന്നു….മേഘം പൊങ്ങാട്ടെ…. മാനം മങ്ങട്ടെ,… കാർമേഘം ഉരുണ്ട് കൂടട്ടെ…ആകാശം ഇരുട്ട് മൂടട്ടെ…സൂര്യൻ മറയട്ടെ…. ഇരുൾ പരന്നു കൊള്ളട്ടെ… ഇടി നാദം ആകാശത്തെ കിടിലം കൊള്ളിക്കട്ടെ, അവയുടെ നടുവിൽ പ്രത്യക്ഷപെടുന്ന ഏഴ് അഴകുള്ള മഴവില്ല് എത്ര ഭംഗിയാണ് അതാണ് ദൈവം നോക്കുന്നത്… കാർമ്മേഘമാകുന്ന പ്രശ്നത്തിന്റെ നടുവിലും മിന്നും സൂര്യ ശോഭപോലെ ആശ്വാസം ദൈവം അയക്കും.

ഒരുപാട് ഇടങ്ങളിൽ തോറ്റു എന്ന് തോന്നുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദന ഉണ്ട്…. ഒന്ന് തല ചാരി വച്ച് പൊട്ടിക്കരയാൻ ഒരു മാർവുണ്ടായിരുന്നെങ്കിൽ ‘ഒന്ന് ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ ഒരു കരം ഉണ്ടായിരുന്നെങ്കിൽ, ആ സമയം കൂടെ ഞാനുണ്ട് എന്ന് പറഞ്ഞാശ്വസിപ്പിക്കാൻ ഒരു കരം അന്വേഷിക്കാറുണ്ട്. പക്ഷേ നമ്മൾ മുഖം ചേർത്ത് പിടിക്കാൻ നമ്മുടെ തലയിണ അല്ലാതെ വേറെ ഒന്നും ഉണ്ടാവാറില്ല എന്നതാണ് സത്യം.

കരഞ്ഞു തീർക്കേണ്ടത് പലപ്പോഴും കരഞ്ഞു തന്നെ തീർക്കേണ്ടി തന്നെ വരും. ഹൃദയം ചുട്ടു പൊള്ളുമ്പോഴും നേരിയ ആശ്വാസം പകരാൻ ദൈവം അല്ലാതെ പകരം വെക്കാൻ ആരും കാണില്ല. കരഞ്ഞുകൊണ്ടുറങ്ങിയ ആ രാത്രികളിൽ അരികിൽ ഇരുന്ന് ആശ്വസിപ്പിച്ച ആ പൊന്നുകരം ഇപ്പൊൾ നിങ്ങൾ അഭിമുഖം ചെയ്യുന്ന വിഷയത്തെയും തുടച്ചു മറ്റും.

അതു ദൂരവേ കാണുന്ന മരീചിക അല്ല.. പിന്നെയോ കണ്മുമ്പിൽ കാണുന്ന തിരുകരത്തിൻ തഴുകൽ അത്രേ..സധൈര്യം മുന്നേറുക ആശിഷ മാരിയുടെ മുഴക്കം കാതുകളിൽ കേൾക്കാറായി…!!