തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; മരിച്ചത് ഹോസ്റ്റൽ ജീവനക്കാരിയും 4 വിദ്യാർത്ഥികളും

തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലുള്ള പെരുമ്പാക്കത്തിന് സമീപം തടാകത്തിൽ കുളിക്കാനിറങ്ങിയ 4 പെണ്‍കുട്ടികളപും ഹോസ്റ്റൽ വാർഡനും മുങ്ങിമരിച്ചു. തിരുവണ്ണാമല പെരുമ്പാക്കത്തുള്ള സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസികളായ പെൺകുട്ടികളും ഇവരുടെ വാർഡനുമാണ് തിങ്കളാഴ്ച സമുത്തിരം തടാകത്തിൽ ഉണ്ടായ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

സംരക്ഷണ കേന്ദ്രത്തിലെ വാർഡൻ തെന്മൊഴി, കുട്ടികളായ വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാള്‍ എന്നിവരാണ് മരണപ്പെട്ടത്. ദീപാവലി അവധിയുടെ ഭാഗമായി വാർഡനൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുളിക്കുന്നതിനിടെ ഒരു കുട്ടി വെള്ളത്തിൽ താഴുകയും, കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും ചേർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.