മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാൻ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വിവാദമായ മൈക്രോ ഫിനാൻസ് കേസില്‍ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി.

കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കാൻ വിജിലൻസിന് നിർദേശം നല്‍കി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഈ നിർണായക ഇടക്കാല ഉത്തരവ്.

പ്രതികള്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരായതിനാല്‍ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന സർക്കാരിന്റെ നിലപാടാണ് കോടതി ഉത്തരവില്‍ പൂർണ്ണമായും അംഗീകരിച്ചത്. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ അടക്കമുള്ള പ്രമുഖരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ കാരണമായിരുന്നു കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയിരുന്നത്.

കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ചേർത്തല സ്വദേശിയായ എം.എസ്. അനില്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. 2016-ല്‍ വി.എസ്. അച്യുതാനന്ദൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.