ദയാവധത്തിന് വിധിയെഴുതിയ കോടനാട് ആനക്കുട്ടിക്ക് വൻതാരയിൽ ചികിത്സ; പ്രത്യേക വിമാനത്തിൽ ഗുജറാത്തിലേക്ക്

ഗുരുതര പരിക്കുകളെ തുടർന്ന് ദയാവധം നടപ്പാക്കാൻ ആലോചിച്ചിരുന്ന കോടനാട് അഭയാരണ്യത്തിലെ 18 മാസം പ്രായമുള്ള ആനക്കുട്ടിക്ക് ഇനി അത്യാധുനിക പരിചരണം ലഭിക്കും. മൃഗസംരക്ഷണ കേന്ദ്രമായ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലാണ് ആനക്കുട്ടിയെ ചികിത്സിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനമാർഗമാണ് ആനക്കുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത്.

ജനിച്ചതിന്റെ പിറ്റേന്ന് തന്നെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിലാണ് ആനക്കുട്ടിയെ വനംവകുപ്പിന് ലഭിക്കുന്നത്. ജനിതക വൈകല്യങ്ങളും രോഗങ്ങളും തരണം ചെയ്ത് അഭയാരണ്യത്തിലെ ജീവനക്കാരുടെ പരിചരണത്തിൽ വളർന്ന ആനക്കുട്ടിക്ക് അടുത്തിടെ വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മാസങ്ങളോളം എഴുന്നേറ്റുനിൽക്കാൻ കഴിയാതെ കിടപ്പിലായതോടെയാണ് ഇവിടെയുള്ള പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മുൻനിർത്തി ദയാവധം നടപ്പാക്കുന്നതിനെക്കുറിച്ച് വനംവകുപ്പ് ആലോചിച്ചത്.

ദയാവധ നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് വൻതാരയിലെ വിദഗ്ധ ഡോക്ടർമാർ കോടനാടെത്തി പരിശോധന നടത്തിയത്. തുടർന്ന് വൻതാര അധികൃതർ ആനക്കുട്ടിയുടെ ചികിത്സ സൗജന്യമായി ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഹോർമോൺ തെറാപ്പി, ജീൻ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകൾ നൽകി ആറുമാസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് വൻതാരയിലെ ഡോക്ടർമാരുടെ പ്രതീക്ഷ.