റോം: ഇറ്റാലിയൻ തലസ്ഥാനമായ റോമില്‍ സർക്കാർ നയങ്ങള്‍ക്കെതിരെ ഉയർന്ന വൻ പ്രതിഷേധം കനത്ത സംഘർഷത്തില്‍ കലാശിച്ചു.
നഗരമധ്യത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയം സ്മാരകത്തിന്റെ സുരക്ഷാ ഗേറ്റുകള്‍ തകർത്ത് പ്രതിഷേധക്കാർ ഉള്ളിലേക്ക് അതിക്രമിച്ചു കയറി. ഈ സമയം വിനോദസഞ്ചാരികള്‍ സ്മാരകത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഏതാനും പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കൊളോസിയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഇറ്റലി സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
റോമിലെ പ്രധാന തെരുവുകളില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം ആളുകള്‍ പൊലിസിന് നേരെ കല്ലുകളും കുപ്പികളും പടക്കങ്ങളും എറിഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രതിഷേധക്കാർ പൊതുമുതലുകള്‍ നശിപ്പിക്കുകയും റോഡരികില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
സംഘർഷത്തില്‍ നിരവധി പ്രതിഷേധക്കാർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രധാന പാതകളിലെല്ലാം ഗതാഗതം പൂർണമായി തടസപ്പെടുകയും കടകമ്പോളങ്ങള്‍ അടച്ചിടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ കൂടുതല്‍ സുരക്ഷാ സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് പ്രധാനമായും വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍, സൈനിക ചെലവുകള്‍ വർധിപ്പിക്കല്‍, ഇന്ധനവില വർധന, ജീവിതച്ചെലവ് വർധന എന്നിവയ്ക്കെതിരെയായിരുന്നു സമരം.
റോമിന് പുറമേ മിലാൻ, ടൂറിൻ, ബൊലോഗ്ന തുടങ്ങിയ ഇറ്റാലിയൻ നഗരങ്ങളിലും വൻ പ്രതിഷേധ പ്രകടനങ്ങളും നേരിയ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ സുരക്ഷയ്ക്കായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാനം നിലനിർത്താൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി നന്ദി അറിയിക്കുകയും, സമാധാനപരമായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും എന്നാല്‍ അക്രമം അഴിച്ചുവിടുന്ന സംഘങ്ങളെ കർശനമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്




